ADVERTISEMENT

കാസർകോട്‌ ∙ ജില്ലയിൽ സ്‌റ്റാഫ്‌ നേഴ്‌സ്‌ ഗ്രേഡ് 2ൽ സംവരണ വിഭാഗം മാറി നിയമന ഉത്തരവ്‌ അയച്ചതിനാൽ അവസരം നഷ്ടമായിയെന്ന പരാതിയുമായി വനിതാ ഉദ്യോഗാർഥികൾ. എസ്‌ടി വിഭാഗത്തിലെ ആദ്യ റാങ്കുകാരികളായ വെസ്റ്റ് ഏളേരി പഞ്ചായത്തിലെ കെ.നിത്യ, പി.എം.മിഥുല എന്നിവരാണു പിഎസ്‍സിക്കെതിരെ പരാതിയുമായി എത്തിയത്. 2 ഒഴിവിൽ എസ്‌ടി വിഭാഗത്തിനയക്കേണ്ട നിയമന ഉത്തരവ്‌ എസ്‌സി വിഭാഗത്തിനാണ്‌ അയച്ചത്‌. റൊട്ടേഷൻ പ്രകാരം എസ്‌ടി വിഭാഗത്തിനാണു നിയമനം ലഭിക്കേണ്ടത്‌. ഓഫിസിൽ പറ്റിയ പിഴവാണെന്ന്‌ പിഎസ്‌സി ഓഫിസും സമ്മതിച്ചതായി ഇവർ പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരി 20നാണ്‌ എസ്‌സി വിഭാഗക്കാർക്കു നിയമന ഉത്തരവ്‌ കിട്ടുന്നത്‌. ഫെബ്രുവരി 8നു ജോലിയിൽ കയറി. എന്നാൽ കഴിഞ്ഞ വർഷം ഡിസംബർ 22ന്‌ ഇതേ പട്ടികയിൽ നിന്ന്‌ എസ്‌ടി വിഭാഗക്കാർക്കും നിയമന ശുപാർശ ലഭിച്ചു. ജില്ലാ മെഡിക്കൽ ഓഫിസിൽ അന്വേഷിച്ചപ്പോൾ പിഎസ്‌സി ഓഫിസിൽ പറ്റിയ പിഴവാണെന്നു പറയുകയായിരുന്നുവെന്നു ഉദ്യോഗാർഥികൾ പറഞ്ഞു. നിലവിൽ ജോലി ചെയ്യുന്നവർക്കു ജോലിയിൽ നിന്ന് ഒഴിവാക്കൽ നോട്ടിസ്‌ നൽകിയെങ്കിലും അവർ കോടതിയെ സമീപിച്ചു. നിയമന ഇത്തരവ്‌ കിട്ടി 3 മാസത്തിനകം ജോലി നൽകണമെന്ന നിയമം നിലനിൽക്കെയാണു തങ്ങൾ വഴിയാധാരമായതെന്നു ഇവർ പറഞ്ഞു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, പിഎസ്‍സി ചെയർമാൻ ഉൾപ്പെടെയുള്ളവർക്കു നിവേദനങ്ങളും കത്തുകളും നൽകിയിട്ടുണ്ട്. ഈ പ്രശ്നത്തിൽ  കോടതിയെ സമീപിച്ചതായി നിത്യയും മിഥുലയും പറഞ്ഞു. തസ്‌തിക സൃഷ്ടിച്ചോ പ്രത്യേക റിക്രൂട്ട്മെന്റ്‌ നടത്തിയോ ഇരുവർക്കും നിയമനം നൽകണമെന്ന്‌ ആദിവാസി ക്ഷേമസമിതി നേതാക്കളായ സി.കുഞ്ഞിക്കണ്ണൻ, അശോകൻ കുന്നൂച്ചി, എ.വി.രാജേഷ് ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് അന്വേഷിക്കാൻ പിഎസ്‌സി ഓഫിസിൽ പോയപ്പോൾ, ഇത്തരത്തിലുള്ള പിഴവുകൾ സാധാരണമാണെന്നാണ്‌ അവർ പറയുന്നത്‌. നിലവിൽ നിയമനം ലഭിച്ച കുട്ടികളുടെ ജോലി നഷ്ടപ്പെടുത്തണമെന്നു ഞങ്ങൾ പറയുന്നില്ല. പക്ഷെ എസ്‌ടി വിഭാഗത്തിനു നിയമപരമായി കിട്ടേണ്ട അവസരം ഇല്ലാതാക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.

പിഎസ്‍സി അധികൃതർ പറയുന്നത്

എസ്ടി വിഭാഗത്തിനു ലഭിക്കേണ്ട നിയമനമാണെങ്കിലും എസ്‍സി വിഭാഗത്തിലുള്ളവർക്കാണു കിട്ടിയത്. വർഷങ്ങൾക്കു മുൻപ് എസ്ടി വിഭാഗത്തിനായി നീക്കിവച്ച തസ്തികയായിരുന്നു. എസ്‍സി വിഭാഗത്തിലുള്ളവർക്കു നിയമനം ലഭിച്ചതിനു ശേഷം നടത്തിയ ഫയൽ പരിശോധനയിലാണ് എസ്ടി വിഭാഗത്തിനു നൽകേണ്ടതാണെന്നു കണ്ടെത്തിയത്.ഇതേ തുടർന്നു പിഎസ്‍സി ആസ്ഥാനത്തു വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ്ടി വിഭാഗത്തിനു തന്നെ നൽകണമെന്നു നിർദേശമെത്തി. ഇതേ തുടർന്നു ആദ്യ നിയമനം ലഭിച്ചവർക്കു പിരിച്ചുവിടൽ നോട്ടിസ് നൽകിയിരുന്നുവെങ്കിലും ഇതിനെതിരെ ഇവർ കോടതിയെ സമീപിച്ചതിനാലാണ് എസ്ടി വിഭാഗത്തിലുള്ളവർക്കു നിയമനം നൽകാൻ വൈകുന്നത്.  ഉടൻ ശരിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com