സ്കൂൾ കുട്ടികൾക്കുള്ള അരി സിപിഎം നേതാവ് മറിച്ചു വിറ്റതായി ആരോപണം
Mail This Article
കാസർകോട് ∙ മടിക്കൈ പഞ്ചായത്തിലെ ഒരു ഗവ. സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചക്കഞ്ഞിക്കുള്ള അരി സിപിഎം പ്രാദേശിക നേതാവ് കുടുംബശ്രീ വനിതോത്സവത്തിനായി മറിച്ചു വിൽക്കാൻ ്രശമിച്ചെന്ന് ആരോപണം. വിവാദമായതിനെ തുടർന്ന് ലോക്കൽ കമ്മിറ്റി ഇടപെട്ട് അരി സ്കൂളിൽ തിരികെ എത്തിച്ചു.പരീക്ഷാ കാലമായതിനാൽ സ്കൂളിൽ കുട്ടികൾക്ക് ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നില്ല. ഈ അരി കുട്ടികൾക്കു വീട്ടിലേക്കു പാക്ക് ചെയ്തു നൽകുകയാണു വേണ്ടത്. എന്നാൽ അതുണ്ടായില്ല. ഇതിനിടെ മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ വനിതോത്സവം ആരംഭിച്ചു.
ഇവിടേക്കു പാചകം ചെയ്യുന്നതിനെന്നു പറഞ്ഞാണ് സിപിഎം നേതാവ് 5 ക്വിന്റൽ അരി കൊണ്ടുപോയതത്രെ. എന്നാൽ കുടുംബ്രശീ പ്രവർത്തകർ ഈ അരി ആവശ്യമില്ലെന്നും സ്വന്തമായി സംഘടിപ്പിച്ചതായും പറഞ്ഞതോടെ 20 രൂപ വില നിശ്ചയിച്ച് 5 പേർ ഈ അരി വീതം ചെയ്തെടുത്തുവെന്നാണ് പാർട്ടിയിലെ ആരോപണം. ഇതു വിവാദമായതോടെ ലോക്കൽ കമ്മിറ്റി നേതൃത്വം ഇടപെടുകയും അരി സ്കൂളിൽ തിരികെ എത്തിക്കുകയും ചെയ്തുവെന്നാണ് പാർട്ടിയിലെ സംസാരം. ലോക്കൽ കമ്മിറ്റിയിൽ വിഷയം ചർച്ചയായെങ്കിലും നേതാവ് ഏരിയാ കമ്മിറ്റി അംഗം കൂടിയായതിനാൽ ലോക്കൽ കമ്മിറ്റിയിൽ നടപടിയെടുത്തില്ല.