ADVERTISEMENT

കാസർകോട്∙ വിഷു–റമസാൻ തിരക്കിലമർന്ന് ജില്ലയിലെ നഗര–ഗ്രാമപ്രദേശങ്ങൾ. കാസർകോട്, കാഞ്ഞങ്ങാട്,ഉദുമ, പാലക്കുന്ന്, ബോവിക്കാനം, ചെറുവത്തൂർ, നീലേശ്വരം, കാലിക്കടവ്, തൃക്കരിപ്പൂർ, രാജപുരം ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളിൽ തിരക്കായിരുന്നു. കുടുംബസമേതമായിട്ടാണ് വസ്ത്രം ഉൾപ്പെടെ വാങ്ങാനായി എത്തുന്നത്. കുട്ടികൾക്കുള്ള പുത്തൻ ഫാഷൻ വസ്ത്രങ്ങൾ ഇത്തവണ വിപണി കീഴടക്കിയിട്ടുണ്ട്. ഇതിനു ആവശ്യക്കാർ ഏറെയാണു. പെൺകുട്ടികളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾക്കു  വൻവിലയാണെന്നു പറയുന്നു.

വിഷുവിനോടൊപ്പം റമസാനും എത്തിയതോടെയാണു വ്യാപാര സ്ഥാപനങ്ങളിൽ തിരക്കുണ്ടാകുന്നത്. വിഷുസദ്യയൊരുക്കുന്നതിനുള്ള സാധനങ്ങൾക്കായി പലച്ചരക്കുകടകളിലും തിരക്കായിരുന്നു. പച്ചക്കറികൾ തീ വിലയാണ്. കർണാടകയിൽ നിന്നാണു പച്ചക്കറികൾ ജില്ലയിലേക്കെത്തുന്നത്. പ്രതീക്ഷയുടെ കണിയൊരുക്കുന്നതിനായി ഓട്ടത്തിലാണ് എല്ലാവരും. കണിവെള്ളരിയും കണിക്കലവും വിപണിയിലുണ്ട്.  പ്ലാസ്റ്റിക കൊന്നപ്പൂക്കളും ഇത്തവണ വിപണിയിലുണ്ട്. വിഷു നാളെയാണെങ്കിലും ഇന്നു രാത്രി വൈകും വരെ നഗരങ്ങളിൽ തിരക്കുണ്ടാകും. വ്യാപാര സ്ഥാപനങ്ങൾക്കു പുറമേ വഴിയോര കച്ചവട സ്ഥാപനങ്ങളിലും കച്ചവടം പൊടിപൂരമാണ്. 

പടക്കകടയിൽ തിരക്കേറി

വിഷു ഗംഭീരമാക്കാൻ പടക്കടയിൽ വൻതിരക്കായിരുന്നു. ചൈനീസ് ന്യൂജെൻ പടക്കങ്ങൾക്കാണ് ഇത്തവണയും ആവശ്യക്കാർ ഏറെയുള്ളത്. വിലയിൽ മുൻവർഷത്തേക്കാൾ വലിയ വർധനയില്ലെങ്കിലും വൈവിധ്യമാ‍ർന്ന ന്യൂജെൻ പടക്കങ്ങൾ കൂടുതലായിട്ടുണ്ട്. കൂടുതൽ സമയം കത്തുന്ന ഭീമൻപൂക്കുറ്റിയായ മഹാരാജാസ്, പലവർണങ്ങളിൽ കത്തുന്ന ഹൈടെക്ക് കാന്റിൽ, ത്രീകളർ ഫൗണ്ടേഷൻ, റൊമോന്റിക് വീൽ, ഗ്രീൻബീസ്, കളർ ചേഞ്ചിങ് ബട്ടർ ഫ്ലൈ ,കോക്കനറ്റ് ക്രാക്കർ തുടങ്ങിയ, ഡ്രാഗൺ ബബിൾ തുടങ്ങിയ ഒട്ടേറെ പടക്കങ്ങളാണു ഇത്തവണ വിപണി കയ്യടിക്കിയിരിക്കുന്നത്. വിഷുവിനു പടക്കം ദിവസങ്ങൾക്കു മുൻപേ വാങ്ങി തുടങ്ങിയിരുന്നതായി പടക്കകട വ്യാപാരികൾ പറഞ്ഞു. ശിവകാശിയിൽ നിന്നാണു പടക്കങ്ങൾ ഏറെഎത്തുന്നത്. വിഷു വിപണിയിൽ സ്ഥിരസാന്നിധ്യങ്ങളായ കമ്പിത്തിരി, പൂത്തിരി, മത്താപ്പ് ,പൂക്കുറ്റി തുടങ്ങിയ വിവിധതരത്തിലുള്ള പടക്കങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com