മംഗളൂരു ∙ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉഡുപ്പിയിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിനു മുൻപു സമീപത്തു തീപിടിത്തം. ബൈന്ദൂർ അരേ ഷിരൂർ ഹെലിപാഡിനു സമീപത്താണു സംഭവം. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനായി ഉഡുപ്പിയിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഹെലിപാഡിന് 100 മീറ്റർ അകലെയാണ് ഇന്നലെ രാവിലെ 11.30ന് തീ പടർന്നത്. സമീപത്തെ ഉണങ്ങിയ പുല്ലിൽ തീ പിടിക്കുകയായിരുന്നു.
ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നും ഉടൻ തന്നെ തീ അണച്ചെന്നും ഉഡുപ്പി ജില്ലാ ഫയർ ആൻഡ് എമർജൻസി സർവീസ് ഓഫിസർ വസന്ത കുമാർ പറഞ്ഞു. ശേഷം മുഖ്യമന്ത്രി കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി. സുള്ള്യ ധർമസ്ഥല ക്ഷേത്രത്തിലും കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ദർശനം നടത്തിയതിനു ശേഷമായിരുന്നു ഹെലികോപ്റ്റർ മാർഗം മുഖ്യമന്ത്രിയുടെ കൊല്ലൂരിലേക്കുള്ള യാത്ര. വരാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പ്രഖ്യാപിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി തീരദേശ കർണാടകയിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയത്.