ADVERTISEMENT

കാസർകോട്∙ വ്യാജ പാസ്പോർട്ട് കേസുകളിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു  കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് സംഘം.  കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 2007 മുതൽ 2010 വരെ നൂറിലേറെ  വ്യാജ പാസ്പോർട്ട് കേസുകളാണു ഹൊസ്ദുർഗ് പൊലീസ് റജിസ്റ്റർ ചെയ്തത്. ഇതിൽ  അന്വേഷണം പൂർത്തീകരിക്കാനുള്ള കേസുകളിൽ 54 കേസുകൾ വയനാട് ക്രൈം ബ്രാഞ്ച് സംഘമാണ് 3 ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്.

ഡിറ്റക്ടീവ് ഇൻസ്പെക്ടർ -1 വിഭാഗം അന്വേഷണം നടത്തുന്ന 15 കേസുകളിൽ 7 കേസുകളിലായി 9 വ്യാജപാസ്പോർട്ട് അപേക്ഷകരുടെ യഥാർഥ വിലാസം ഇനിയും  കണ്ടെത്താനായില്ല. ഇതെത്തുടർന്ന് ഇവരുടെ ഫോട്ടോകളാണ് അന്വേഷണ സംഘം പുറത്തുവിട്ടത്.   കേസുകൾ ഹൊസ്ദുർഗ്  പൊലീസാണ് റജിസ്റ്റർ ചെയ്തതെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.

തുടർന്നു കേസ് അന്വേഷിക്കാനായി കോഴിക്കോട് ഐഎസ്ഐടിക്കു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് കാസർകോട് യൂണിറ്റും അന്വേഷണം നടത്തിയതിൽ ചില കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം നൽകിയിരുന്നു.

കേസിലെ പ്രതികൾ ഹൊസ്ദുർഗ് താലൂക്ക് ഓഫിസറുടെ പേരിൽ കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ പേരിൽ  സ്കൂൾ അഡ്മിഷൻ സർട്ടിഫിക്കറ്റ്, ഹൊസ്ദുർഗ്  താലൂക്ക് സപ്ലൈ  ഓഫിസറുടെ പേരിൽ റേഷൻ കാർഡ് എന്നിവ വ്യാജമായി നിർമിച്ച് വ്യാജ വിലാസത്തിൽ പാസ്പോർട്ട് അപേക്ഷകൾ തയാറാക്കി കോഴിക്കോട്  പാസ്പോർട്ട് ഓഫിസിൽ നേരിട്ടും ട്രാവൽ ഏജൻസികൾ വഴിയും സമർപ്പിച്ചാണ് പാസ്പോർട്ടുകൾ സ്വന്തമാക്കിയത്.

മിക്ക  വ്യാജ പാസ്പോർട്ടുകളും അനുവദിച്ച ശേഷമാണ് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. ഫോട്ടോയിൽ കാണുന്ന പ്രതികളെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കണമെന്നു അന്വേഷണ സംഘം അഭ്യർഥിച്ചു.  ഫോൺ:9497987301, 9497965005, 9497964997.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com