ADVERTISEMENT

കാസർകോട് ∙ ഒരു മാസത്തോളമായി പണിമുടക്കിയ, ജനറൽ ആശുപത്രിയിൽ സിടി സ്കാൻ മെഷീൻ പ്രവർത്തിപ്പിക്കാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ. 55 ലക്ഷത്തോളം രൂപ ചെലവുള്ള ട്യൂബ് കേടായതാണ് കാരണമെന്ന് കമ്പനി അധികൃതർ മൂന്നാഴ്ച മുൻപ് അറിയിച്ചിരുന്നു. ഈ ട്യൂബ് കിട്ടാനില്ലാത്തതാണു പ്രതിസന്ധിയാകുന്നത്. പ്രശ്നത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നു ജനറൽ ആശുപത്രി അധികൃതർ പറയുന്നു.  ട്യൂബ് കിട്ടിയില്ലെങ്കിൽ  സിടി സ്കാൻ മെഷീൻ മാറ്റി വാങ്ങേണ്ടി വരും.

സംസ്ഥാനതല ടെൻഡർ പ്രകാരം എൻഎച്ച്എം മുഖേന ലഭിച്ച സിടി സ്കാൻ 2010ൽ ആണ് പ്രവർത്തനം തുടങ്ങിയത്. നിലവിലുള്ള സാഹചര്യത്തിൽ സർക്കാർ പണം അനുവദിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

ഏറെക്കാലത്തെ മുറവിളിക്കു ശേഷമാണ് ജനറൽ ആശുപത്രിയിൽ സിടി സ്കാൻ ലഭിച്ചത്. ജനറൽ ആശുപത്രിയിൽ പല സാമഗ്രികളും ഇറക്കി വർഷങ്ങൾക്കു ശേഷമാണ് പ്രവർത്തനം തുടങ്ങുന്നത്. 

റാംപ് ഇല്ലാത്ത ജനറൽ ആശുപത്രിയിൽ കിടപ്പു രോഗികളെ കയറ്റാനും ഇറക്കാനുമുള്ള ലിഫ്റ്റ് പ്രവർത്തനം നിലച്ച് 2 മാസത്തോളമായി. നവീകരണത്തിനു ടെൻഡർ അനുവദിച്ചു 2 ആഴ്ച കഴിഞ്ഞിട്ടും ഇനിയും ഇതിനുള്ള സാമഗ്രികൾ ഇറക്കിയിട്ടില്ല. ഒരു മാസത്തിനകം പണി പൂർത്തിയാകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും നടന്നില്ല. സാമഗ്രികൾ ഇറക്കി അടുത്ത മാസം പണി പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

പേശികളുടെയും അസ്ഥികളുടെയും തകരാറുകൾ കണ്ടെത്തുക, ട്യൂമർ, അണുബാധ എന്നിവ കണ്ടെത്തുക, രക്തം കട്ട പിടിക്കുന്ന സ്ഥലം നി‍ർണയിക്കുക, കാൻസർ, ഹൃദ്രോഗം, കരൾ രോഗം തുടങ്ങിയ നിർണയിക്കുക,  ആന്തരിക മുറിവുകൾ, ആന്തരിക രക്തസ്രാവം കണ്ടെത്തുക, ശസ്ത്രക്രിയ, ബയോപ്സി, റേഡിയേഷൻ തെറപ്പി തുടങ്ങിയവ നടത്തുന്നതിനുള്ള നിർണയം എന്നിവയ്ക്കു ഉതകുന്നതാണ് സിടി സ്കാൻ. 

മെഷീൻ പ്രവർത്തനം നിലച്ചതോടെ രോഗികൾക്കു സ്വകാര്യ ലാബുകൾ ആണ് ആശ്രയം. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത കേസുകളിൽ രോഗ നിർണയത്തിനുള്ള വ്യാപ്തി അനുസരിച്ച് വലിയ പണച്ചെലവ് ബാധ്യതയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com