സ്നേഹദൂതുകൾ നടന്നെത്തിച്ച ദാമോദരൻ പടിയിറങ്ങുന്നു
Mail This Article
എളേരിത്തട്ട് ∙ 1982ൽ എളേരിത്തട്ടിൽ പോസ്റ്റ് ഓഫിസ് ആരംഭിച്ചതു മുതൽ നാട്ടുകാരുടെ പ്രിയപ്പെട്ട പോസ്റ്റ് മാനായ ദാമോദരൻ 42 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്നു. എളേരി, മങ്കം, പലേരിത്തട്ട്, അടുക്കളമ്പാടി, വള്ളിക്കൊച്ചി, പുലിമട, കുറത്തിമട, വിലങ്ങ്, ചുള്ളി, മയിലുവള്ളി, കുണ്ടുപൊയിൽ, കുണ്ടുതടം.. എന്നിങ്ങനെ വിസ്തൃതമായ പരിധിയിലെ കുന്നും മലകളും കാൽനടയായി സഞ്ചരിച്ചു കത്തുകൾ കൈമാറി. ഒരു സൈക്കിൾ പോലുമില്ലാതെയാണ് കിലോമീറ്ററുകൾ നടന്ന് കത്തുകളും മറ്റും കൈമാറുന്നത്.
ഈ കാലയളവിൽ ദാമോദരന്റെ കൈയിൽനിന്നു നിയമന ഉത്തരവ് കൈപ്പറ്റി വിവിധ ജോലിയിൽ പ്രവേശിച്ചവർ ഒട്ടേറെയാണ്. വീടുകളിൽ മുടങ്ങാതെ എത്തിച്ചിരുന്ന പെൻഷനുകൾ, പ്രിയപ്പെട്ടവരുടെ സുഖവിവരം തേടിയുള്ള കത്തുകൾ, ബാങ്ക് നോട്ടിസുകൾ എന്നിവ വലിയ ബാഗിലാക്കി ചുമക്കും. മൂത്തമകൾ ഇന്ദു പോസ്റ്റൽ വകുപ്പിലും ഇളയമകൾ സിന്ധു അധ്യാപികയുമാണ്. സുശീലയാണ് ഭാര്യ. നിറഞ്ഞ പുഞ്ചിരിയോടെയാണ് ദാമോദരൻ പടിയിറങ്ങുന്നത്.