ADVERTISEMENT

കാസർകോട് ∙ എൻഡോസൾഫാൻ ദുരിതബാധിതരുടെ മെഡിക്കൽ ക്യാംപ് നടത്താനുള്ള എൻഡോസൾഫാൻ ദുരിത ബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെൽ തീരുമാനം അടിയന്തരമായി നടപ്പിലാക്കാൻ കലക്ടർക്ക് സെൽ ചെയർമാൻ കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശം നൽകി.

കാസർകോട് താലൂക്ക് തല അദാലത്തിൽ ലഭിച്ച പരാതികൾ പരിഗണിച്ചാണ് മെഡിക്കൽ ക്യാംപിനുള്ള സ്ഥലം ഉടൻ തീരുമാനിക്കാൻ മന്ത്രി കലക്ടർ കെ.ഇമ്പശേഖറിനോട് നിർദേശിച്ചത്. മെഡിക്കൽ ക്യാംപിന് ആവശ്യമായ വിദഗ്ധ ഡോക്ടർമാരെ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനും നിർദേശം നൽകി. ഇതു സംബന്ധിച്ച് മന്ത്രി വീണാ ജോർജുമായി ടെലിഫോണിൽ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ,് എൻ.എച്ച്.എം പ്രോജക്ട് ഓഫിസർ ഡോ.റിജിത് എന്നിവരും പങ്കെടുത്തു.

ആകെ ലഭിച്ചത് 503 അപേക്ഷകൾ

‘കരുതലും കൈത്താങ്ങും’ ‍കാസർകോട് താലൂക്ക് അദാലത്തിൽ ആകെ ലഭിച്ചത് 503 അപേക്ഷകൾ. അദാലത്തിൽ ഉൾപ്പെടാത്ത വിഷയത്തിൽ ലഭിച്ച അപേക്ഷകളുടെ എണ്ണം 131. ഇവ നിരസിച്ചു. സാധുവായ അപേക്ഷകൾ 372. 243 അപേക്ഷകൾ തീർപ്പാക്കി. 

ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടി പരാതി; നടപടി സ്വീകരിക്കുമെന്ന് മന്ത്രി

ജില്ലയിലെ  പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നത് സംബന്ധിച്ചും  ഭൂജല വിഭാഗം ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നത് സംബന്ധിച്ചും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പരാതി പരിഹാര അദാലത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന്  പരാതി നൽകി. ജില്ലാ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ജില്ലാ പഞ്ചായത്തിന്റെ പല പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിങ്ങിലെ കാലതാമസം ഒഴിവാക്കി വളരെ വേഗത്തിൽ ജില്ലയിലെ സ്കൂളുകളുടെയും മറ്റും എസ്റ്റിമേറ്റ് തയാറാക്കി കൊടുക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരാതിയിലൂടെ  ആവശ്യപ്പെട്ടു.

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിന്റെയും അതുപോലെ ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ചെയ്യേണ്ട വൈദ്യുതീകരണ പ്രവൃത്തിയുടെയും എസ്റ്റിമേറ്റ് ലഭ്യമാക്കാത്തിനാൽ പ്രവൃത്തി നടപ്പാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്. പിഡബ്ല്യുഡി  ഇലക്ട്രിക്കൽ വിഭാഗം എസ്റ്റിമേറ്റ് എടുത്ത് സാങ്കേതികാനുമതി ലഭ്യമാക്കിയാൽ മാത്രമേ ടെൻഡർ ചെയ്യാൻ കഴിയുകയുള്ളൂ. ഇലക്ട്രിക്കൽ വർക്ക് പൂർത്തീകരിക്കാത്തത് കൊണ്ട് പല കെട്ടിടങ്ങളും പഴകിയ അവസ്ഥയിലാണ്. പഞ്ചായത്തുകൾ സെന്റ് ചാർജ് അടക്കം വച്ച് കൊണ്ട് ഡെപ്പോസിറ്റ് ചെയ്താൽ സമയബന്ധിതമായി പദ്ധതികൾ അംഗീകരിക്കാൻ കൂടി ഇടപെടേണ്ടതുണ്ട്.

ജില്ലാ ഭൂജല വിഭാഗത്തിലേക്ക് ജിയോളജിസ്റ്റിനെ നിയോഗിച്ചുകൊണ്ട് ജില്ലയിലെ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള പരാതിയായിരുന്നു മറ്റൊന്ന്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളിൽ, സ്കൂളുകളിലെ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ പറ്റാത്തതിനു കാരണം  ഭൂജല വകുപ്പിൽ നിന്ന് എസ്റ്റിമേറ്റ് ലഭിക്കുന്നതിനുള്ള കാലതാമസമാണ്. ജിയോളജിസ്റ്റിനെ നിയോഗിച്ചുകൊണ്ട് ജില്ലയിലെ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സഹായിക്കണമെന്ന് പരാതിയിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രശ്നത്തിൽ ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉറപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com