ADVERTISEMENT

അഡൂർ(ദേലംപാടി) ∙ മരം ഒരു വരം എന്ന പഴമൊഴി അഡൂർ ആട്ടക്കാരമൂലയിലെ നാഗവേണിയുടെ കാര്യത്തിൽ മരം ഒരു ശാപം എന്നു തിരുത്തി പറയേണ്ടി വരും. മരത്തിന്റെ പേരിൽ താമസിക്കുന്ന ഭൂമിയുടെ പട്ടയം ലഭിക്കാതെ, പെരുവഴിയിലിറങ്ങേണ്ട ഗതികേടിലാണ് ഈ അമ്മയും രണ്ടു മക്കളും. നിലംപൊത്താറായ വീട്ടിൽ ചെറിയൊരു കാറ്റടിച്ചാൽ പോലും ജീവൻ പണയം വെച്ചാണ് ഇവർ താമസിക്കുന്നത്. വീടെന്നു പറയാൻ പോലും കഴിയാത്ത ഈ കൂര തകർന്നാൽ പെരുവഴിയല്ലാതെ ഇവർക്കു മറ്റു മാർഗങ്ങളില്ല. അഡൂർ ആട്ടക്കാരമൂലയിലെ 12 സെന്റ് ഭൂമിയിൽ 35 വർഷം മുൻപു താമസം തുടങ്ങിയതാണ് നാഗവേണിയും കുടുംബവും. ഭർത്താവ് ഗംഗാധരൻ ആചാരി 10 വർഷം മുൻപു മരിച്ചു.

നാഗവേണിയും രണ്ടു മക്കളും താമസിക്കുന്ന വീടിന്റെ തകർന്ന ഭിത്തിയും മേൽക്കൂരയും.

സ്ഥലത്തിനു പട്ടയത്തിനു വേണ്ടി അഡൂർ വില്ലേജ് ഓഫിസിൽ 2015ൽ അപേക്ഷ നൽകുകയും കാസർകോട് താലൂക്ക് ഓഫിസിലെ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി 2019 ജനുവരി 4നു പട്ടയം അനുവദിക്കുകയും ചെയ്തു. പക്ഷേ ഇവർക്കു പട്ടയം കൈമാറിയില്ല. ഈ സ്ഥലത്തുള്ള മഹാഗണി മരങ്ങളുടെ വിലയായ 59,682 രൂപ അടച്ചാൽ മാത്രമേ പട്ടയം നൽകാൻ സാധിക്കൂ എന്നാണ് വില്ലേജ് ഓഫിസർ അറിയിച്ചത്. ഹോട്ടലിൽ പാത്രം കഴുകുന്ന ജോലി ചെയ്തിരുന്ന നാഗവേണിക്കു ഇത്രയും തുക കണ്ടെത്താൻ സാധിച്ചില്ല.

രണ്ടു മക്കളും വിദ്യാർഥികളായിരുന്നു. ഈ പണം അടയ്ക്കുന്നതിൽ ഒഴിവാക്കി പട്ടയം നൽകണമെന്ന് അഭ്യർഥിച്ച് 2019 ജനുവരി 29ന് കലക്ടർക്കു നിവേദനം നൽകിയെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് പലതവണ അപേക്ഷ നൽകിയിട്ടും അനുകൂല നടപടി ഇല്ലാതായതോടെ ബാങ്കിൽ നിന്നു വായ്പയെടുത്ത് ഈ തുക അടക്കാൻ നാഗവേണി തീരുമാനിച്ചു. പണം അടയ്ക്കാൻ സമ്മതമാണെന്ന് അറിയിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 23നു നാഗവേണി കാസർകോട് തഹസിൽദാർക്കു നിവേദനം നൽകിയെങ്കിലും പട്ടയം ലഭിച്ചില്ല. സമയത്തു പണം അടയ്ക്കാത്തതിനാൽ കാലതാമസം മാപ്പാക്കുന്നതിനായി എൽഎ ഫയലും റിപ്പോർട്ടും 2022 ജനുവരി 6ന് കലക്ടർക്കു നൽകിയിട്ടുണ്ടെന്നും കലക്ടർ അനുകൂല തീരുമാനം എടുത്താൽ മാത്രമേ പട്ടയം നൽകാൻ സാധിക്കൂ എന്നുമാണ് ഒടുവിൽ കഴിഞ്ഞ മാർച്ച് 2ന് തഹസിൽദാർ അറിയിച്ചത്.

പട്ടയം വൈകുന്തോറും ഇവരുടെ വീടെന്ന സ്വപ്നവും നീണ്ടുപോവുകയാണ്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ചെറിയ കൂരയിലാണ് ഇവർ താമസിക്കുന്നത്. വേനൽമഴയിൽ അടുക്കള ഭാഗത്തെ ചുമർ ഇടിഞ്ഞു വീണു. കുറെ ഓടുകളും വീണു. കിടക്കുന്ന ഭാഗത്തു മുകളിൽ തടി പാകിയതിനാൽ ഇവരുടെ ദേഹത്തേക്കു വീണില്ലെന്നു മാത്രം. മഴ പെയ്താൽ വീടിനുള്ളിലാകും വെള്ളം വീഴുക. ലൈഫ് പദ്ധതിയിലും ഇവർ ഉൾപ്പെട്ടില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തതാണ് അധികൃതർ പറഞ്ഞ കാരണം. പട്ടയം അനുവദിച്ചതിനാൽ ഭൂരഹിതരുടെ വിഭാഗത്തിൽ ഉൾപ്പെട്ടുമില്ല. നാഗവേണിക്ക് ആരോഗ്യപ്രശ്നമുള്ളതിനാൽ ജോലിക്ക് പോകാനാകുന്നില്ല. കൻ പെട്രോൾ പമ്പിൽ ജോലിക്കു പോയാണ് വീട് പുലരുന്നത്. സ്കൂൾ അവധി ദിവസങ്ങളിൽ മരപ്പണി ചെയ്യുന്നതിനിടെ രണ്ടു വിരലുകൾ അറ്റുപോയതിനാൽ കഠിന ജോലികളിൽ ഏർപ്പെടാൻ ബുദ്ധിമുട്ടുണ്ട്. പുതിയ കലക്ടറെങ്കിലും അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com