ADVERTISEMENT

കാസർകോട്∙ കണ്ണൂർ– മംഗളൂരു പാസഞ്ചർ ട്രെയിനിൽ വെട്ടിക്കുറച്ച കോച്ചുകൾ പുന:സ്ഥാപിക്കുമെന്ന റെയിൽവേ അധികൃതരുടെ വാഗ്ദാനം ഒരു മാസത്തിലേറെയായിട്ടും പാലിച്ചില്ല. മധ്യവേനലവധിക്കു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു തുറക്കുന്നതോടെ ട്രെയിനുകളിലെ യാത്രാദുരിതം ഇരട്ടിയാകും. മെമു പിൻവലിച്ചതിനു ശേഷമാണ് മംഗളൂരു–കണ്ണൂ‍ർ പാസഞ്ചർ പുന:സ്ഥാപിച്ചത്.

നിലവിൽ  കണ്ണൂരിൽ നിന്നു മംഗളുരൂവിലേക്കും വൈകിട്ട് മംഗളൂരുവിൽ നിന്നു കണ്ണൂരിലേക്കുള്ള പാസഞ്ചറിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയാണുള്ളത്. പാസ‍ഞ്ചർ ട്രെയിനിൽ ആദ്യം 16 കോച്ചുകളായിരുന്നു. പിന്നീട് 14 ആയും ഇപ്പോൾ 10 കോച്ചായും കുറച്ചു. കണ്ണൂരിൽ നിന്നു രാവിലെ 7.40ന് മംഗളൂരുവിലേക്കുള്ള പാസഞ്ചറിലെ  യാത്രക്കാർ ഏറെയും കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരടക്കമുള്ളവരാണ്.

വൈകിട്ടും ഇതു തന്നെയാണ് സ്ഥിതി. എന്നാൽ ഇന്നു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതോടെ വിദ്യാർഥികളും അധ്യാപകർ ഉൾപ്പെടെയുള്ള യാത്രക്കാരുടെയും വൻ തിരക്കാവും. മംഗളൂരുവിലേക്കുള്ള പാസ‍ഞ്ചറിൽ കണ്ണൂരിൽ നിന്നു തന്നെ യാത്രക്കാർ നിറയുകയും പഴയങ്ങാടി സ്റ്റേഷൻ വിട്ടാൽ നിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണുള്ളത്. മംഗളൂരു, മഞ്ചേശ്വരം, കുമ്പള, കാസർകോട് എന്നിവിടങ്ങളിലെ കോളജുകളിലേക്കുള്ള സ്ഥിരം യാത്രക്കാരായ നൂറുകണക്കിനു വിദ്യാർഥികൾ ഇന്നു മുതൽ ട്രെയിനിൽ യാത്ര ചെയ്യാനുണ്ടാകും.

പാസഞ്ചർ ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മേയ് 10നകം പുന:സ്ഥാപിക്കുമെന്നായിരുന്നു മറുപടി. എന്നാൽ ഇതുവരെ ആയി കോച്ചുകൾ പുന:സ്ഥാപിച്ചില്ല. വിഷയത്തിൽ ഇടപെട്ട് ആവശ്യമായ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശത്തുള്ള രാജ്മോഹൻ ഉണ്ണിത്താൻ എംപി റെയിൽവേ മന്ത്രി, ജനറൽ മാനേജർ ഉൾപ്പെടെയുള്ളവർക്കു നിവേദനം  അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com