രാജപുരം∙ ഗോത്രസാരഥി പദ്ധതിക്ക് പകരം പുതിയ അധ്യയന വർഷം മുതൽ പട്ടിക വർഗ വിദ്യാർഥികളെ ഊരുകളിൽ നിന്നും സ്കൂളുകളിൽ എത്തിക്കാൻ വിദ്യാവാഹിനി പദ്ധതി. വിദ്യാവാഹിനി പദ്ധതിക്ക് പട്ടിക വിഭാഗത്തിൽപെട്ടവരുടെ വാഹനങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം. പട്ടിക വിഭാഗ സൊസൈറ്റികൾ, സംഘങ്ങൾ, സംരംഭങ്ങൾ എന്നിവയുടെ ഭാഗമായതോ, വ്യക്തികളുടെ വാഹനങ്ങളോ പരിഗണിക്കാം. പട്ടിക വർഗ വികസന വകുപ്പിനായിരിക്കും പദ്ധതിയുടെ പൂർണമായ നടത്തിപ്പ് ചുമതല. കഴിഞ്ഞ വർഷം വരെ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. ഇത് ദുരുപയോഗം ചെയ്യുന്നതായും, സ്കൂളുകളെ തിരഞ്ഞെടുക്കുന്നതിൽ അപാകതയുള്ളതായും കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി പൂർണമായും പട്ടിക വർഗ വികസന വകുപ്പ് ഏറ്റെടുത്തത്.
ഊരുകളിൽ നിന്ന് ഒന്നര കിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേയ്ക്കാണ് വാഹന സൗകര്യം അനുവദിക്കുക. കൂടുതൽ ദൂരമുള്ള സ്ഥലങ്ങളിലെ വിദ്യാർഥികൾ പ്രീമെട്രിക്, മെട്രിക് ഹോസ്റ്റലുകളെ ആശ്രയിക്കണം. വിദ്യാവാഹിനി പദ്ധതിയിൽ സംസ്ഥാനത്താകെ1500 ഓളം വാഹനങ്ങൾ ഓടുമെന്നാണ് കണക്ക് .1 മുതൽ 10 വരെ ഏതാണ്ട് 80,000 കുട്ടികൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നു വിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്. അതേ സമയം ഇന്നു മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ജില്ലയിൽ പല വിദ്യാലയങ്ങളിലും വിദ്യാവാഹിനി വാഹനങ്ങളുടെ ടെൻഡർ നടപടികളോ ഗുണഭോക്തൃ പട്ടികയോ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
ഏറ്റവും കൂടുതൽ എസ്ടി കുട്ടികൾ പഠിക്കുന്ന മലയോരത്തെ സ്കൂളുകൾക്ക് ഇതുസംബന്ധിച്ച് കൃത്യമായ നിർദേശം ലഭിച്ചില്ലെന്നും പറയുന്നു. ഇതോടെ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ കുട്ടികളെ എങ്ങനെ സ്കൂളുകളിൽ എത്തിക്കുമെന്ന ആശങ്കയും രക്ഷിതാക്കൾ പങ്കുവയ്ക്കുന്നു.
എം.മല്ലിക, ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ, കാസർകോട്
കാസർകോട് ട്രൈബൽ ഓഫിസിന് കീഴിൽ 9 സ്കൂളുകളിലാണ് വിദ്യാവാഹിനി പദ്ധതിയുള്ളത്. ഇവിടെ ടെൻഡർ നടപടി പൂർത്തീകരിക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.