ADVERTISEMENT

വെള്ളരിക്കുണ്ട് ∙ ‘പെരുമ്പാമ്പിന്റെ ഉടമസ്ഥാവാകാശം സർക്കാരിനാണെങ്കിൽ ഞാൻ തീറ്റ കൊടുത്തു വളർത്തുന്ന കോഴികളെ വിഴുങ്ങിയാൽ നഷ്ടപരിഹാരം തരേണ്ട ഉത്തരവാദിത്തം സർക്കാരിനല്ലേ?’ വള്ളിക്കടവിലെ കല്ലറയ്ക്കൽ ജോർജ് കടവിലിന്റെ ചോദ്യത്തിനു മുമ്പിൽ വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിൽ മന്ത്രിയും വനംവകുപ്പ് ഉദ്യോഗസ്ഥരും കൃത്യമായ മറുപടിയില്ലാതെ നിന്നു. 2022 ജൂൺ 21നു പുലർച്ചെ പെരുമ്പാമ്പ് ജോർജിന്റെ വീട്ടിലെ കോഴിക്കൂടിൽ കയറി 9 കോഴികളെ വിഴുങ്ങുകയും 4 എണ്ണത്തിനെ കൊല്ലുകയും ചെയ്തു. രാവിലെ കൂട്ടിൽ കോഴിക്കു പകരം ഭീമൻ പെരുമ്പാമ്പിനെയാണു കണ്ടത്. വിവരമറിയിച്ചതിനെതുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ പാമ്പിനെ ജീവനോടെ പിടിച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു. 

ചത്തകോഴികൾക്കു നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് നൽകിയ പരാതിയിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു കഴിഞ്ഞദിവസം മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ നടന്ന പ്രശ്ന പരിഹാര അദാലത്തിൽ വീണ്ടും പരാതിയുമായി എത്തിയത്. പരാതി സ്വീകരിച്ച മന്ത്രി എന്താണു നേരത്തെ നൽകിയ പരാതിയിൽ നടപടിയെടുക്കാതിരുന്നതെന്ന് ഡിഎഫ്ഒയോടു ചോദിച്ചപ്പോൾ ഫണ്ടില്ലെന്നാണു മറുപടി ലഭിച്ചത്.

പാമ്പ് നിങ്ങളുടേതും കോഴി എന്റേതുമാണ്. അതുകൊണ്ട് നഷ്ടപരിഹാരം തന്നെ തീരൂ എന്നാണു ജോർജിന്റെ മറുചോദ്യം. ഉത്തരം മുട്ടിയ മന്ത്രി ചോദിച്ചു വേറെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന്. എന്നാൽ എനിക്ക് കോഴിയുടെ നഷ്ടപരിഹാരം മാത്രമേ വേണ്ടു എന്ന് തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ജോർജ്. ഫണ്ട് എത്തിയാൽ പരിഗണിക്കാമെന്ന ഉറപ്പിൽ ജോർജ് വീട്ടിലേക്കു മടങ്ങിയെങ്കിലും മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ഇൗ കർഷകൻ. വന്യജീവികളെ അറിയാതെ കൊന്നാൽ പോലും നടപടിയെടുക്കുന്ന സർക്കാർ, ജീവിക്കാൻ വേണ്ടി അധ്വാനിച്ചുണ്ടാക്കിയ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം കൊടുക്കാത്തത് എന്തു നിയമമാണെന്നും ജോർജ് ചോദ്യമുന്നയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com