ADVERTISEMENT

കാസർകോട് ∙ സർക്കാർ വിദ്യാലയങ്ങളിൽ ജില്ലയിൽ എറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ എന്ന ബഹുമതി ചെർക്കള സെൻട്രൽ ഗവ.ഹയർസെക്കൻഡറി സ്കൂളിന്. 1 മുതൽ 10 വരെ ക്ലാസുകളിലായി 2287 വിദ്യാർഥികളാണ് ഇവിടെ പഠനം നടത്തുന്നത്. പ്രീ–പ്രൈമറിയിലെയും ഹയർ സെക്കൻഡറിയിലെയും വിദ്യാർഥികളുടെ എണ്ണവും കൂടി ആകുമ്പോൾ 2800ലേറെയാകും.1947 വിദ്യാർഥികളുമായി ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളും 1904 കുട്ടികളുമായി കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറി സ്കൂളുമാണു സർക്കാർ വിദ്യാലയങ്ങളിൽ തൊട്ടുപിന്നിലുള്ളത്.

ഈ രണ്ടും വിദ്യാലയങ്ങളിലും ഹയർസെക്കൻഡറി ഉണ്ടെങ്കിലും ഈ ക്ലാസുകളിലെ കുട്ടികളുടെ എണ്ണം രേഖപ്പെടുത്താത്ത കണക്കുകളാണിത്. യുപി വിഭാഗത്തിൽ ചട്ടഞ്ചാൽ തെക്കിൽപറമ്പ് ഗവ.യുപിയും (1151 വിദ്യാർഥികൾ), എൽപി വിഭാഗത്തിൽ പെരിയ എൽപിയുമാണ്(394 വിദ്യാർഥികൾ) സർക്കാർ വിദ്യാലയങ്ങളിൽ മുന്നിൽ.അധ്യയന വർഷത്തിന്റെ ആറാം പ്രവൃത്തി ദിനമായ ഇന്നലെ തലയെണ്ണൽ പൂർത്തിയാക്കി വൈകിട്ടോടെ ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണിത്. അന്തിമ കണക്കുകൾ പ്രസിദ്ധപ്പെടുത്തുമ്പോൾ വിദ്യാർഥികളുടെ എണ്ണത്തിൽ ചെറിയ മാറ്റം ഉണ്ടായേക്കും.

എൽപി വിഭാഗം മുന്നിൽ ഗവ.എൽപി സ്കൂൾ പെരിയപെരിയ ഗവ.എൽപി സ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിലെ 119 കുട്ടികളുൾപ്പെടെ 513 കുട്ടികളാണുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഇത്തവണ 24 കുട്ടികൾ പുതുതായി ചേർന്നു. 1, 2 ക്ലാസുകളിൽ 3 ഡിവിഷനുകളും 3,4 ക്ലാസുകളിൽ 4 ഡിവിഷനുകളുമാണുള്ളത്.1913 ൽ സ്ഥാപിച്ച സ്കൂളിൽ ഓരോ വർഷവും കുട്ടികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ വർഷം നടപ്പിലാക്കിയ മാതൃകാ പ്രീ സ്കൂൾ പദ്ധതിയുടെ ഭാഗമായി കെട്ടിട നിർമാണം, പാർക്ക് എന്നിവ ഉൾപ്പെടെ 45 ലക്ഷം രൂപയുടെ ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിലൊരുക്കിയത്.

പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമെന്ന സന്ദേശവുമായി സ്കൂളിൽ നടപ്പാക്കിയ ഹരിത വിദ്യാലയം പദ്ധതി ലക്ഷ്യത്തോട് അടുക്കുന്നു. 50 ഹരിത വൊളന്റിയർമാർക്കാണ് ഓരോ ദിവസവും പദ്ധതിയുടെ നിരീക്ഷണ ചുമതല. ഭക്ഷണം പാഴാക്കാതിരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇവർ ജാഗ്രത പുലർത്തുന്നു.വിദ്യാർഥികളുടെ കായികപരവും മാനസികപരവുമായ വളർച്ചയ്ക്കായി സർക്കാർ നടപ്പിലാക്കുന്ന ‘ഹെൽത്ത് ടിപ്സ്’ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഇതിനായി രണ്ടു ക്ലാസ് മുറികൾ ഒന്നാക്കി.

ചെർക്കള സെൻട്രൽ ഗവ. എച്ച്എസ്എസ്

1938–ൽ തുടങ്ങിയ വിദ്യാലയം ദേശീയപാതയോരത്ത് ചെർക്കളയിലാണ്.1 മുതൽ 12 വരെ ക്ലാസുകളാണു നിലവിലുള്ളത്. ദേശീയപാത കടന്നു പോകുന്നതിന്റെ ഇരുവശങ്ങളിലാണ് ഈ വിദ്യാലയം. റോഡിന്റെ വടക്കേ ഭാഗത്ത് പ്രീ പ്രൈമറിയും പ്രൈമറി ക്ലാസുകളും തെക്ക് ഭാഗത്ത് എച്ച്എസ്–എച്ച്എസ്എസ് വിഭാഗമാണുള്ളത്.വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടമാണ് ഏറെയുമുള്ളത്. ലാബ്,ലൈബ്രറി സൗകര്യമുണ്ട്. സ്കൂളിൽ അടിസ്ഥാന സൗകര്യത്തിനു മാത്രമായി ചുരുങ്ങിയത് ഇനി 20 ക്ലാസ് മുറികൾ കൂടി വേണം. യുപി വിഭാഗത്തിൽ കെട്ടിടമില്ലാത്തതിനാൽ ഹൈസ്കൂൾ വിഭാഗത്തിലാണു ചില ക്ലാസുകൾ പ്രവർത്തിക്കുന്നത്. ആവശ്യത്തിന് ഫർണിച്ചറില്ല. പഠനത്തിലും പാഠ്യതേര വിഷയങ്ങളിലും ഇവിടുത്തെ വിദ്യാർഥികൾ മുന്നിലാണ്.

പ്രീ–പ്രൈമറി ഉൾപ്പെടെ 10–ാം ക്ലാസ് വരെ 2387 വിദ്യാർഥികളുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തെക്കാൾ അൽപം കുറവുണ്ട്. വിദ്യാർഥികളുടെ ആനുപാതികമായി 15 അധ്യാപിക തസ്തിക അധികമായി അനുവദിച്ചു. എന്നാൽ ഇതുവരെ സ്ഥിര നിയമനമായില്ല. ഈ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്താനുമാകില്ല. അതിനാൽ ഒരു ക്ലാസിൽ 50 മുതൽ 60 വരെ വിദ്യാർഥികളാണുള്ളത്. ഇങ്ങനെയുള്ള പഠനം അധ്യാപകർക്കും കുട്ടികൾക്കും പ്രയാസമാകുന്നു.

യുപി വിഭാഗത്തിൽ തെക്കിൽപ്പറമ്പ്  സ്കൂൾ

സർക്കാർ മേഖലയിൽ തെക്കിൽപ്പറമ്പ് ഗവ.യുപി സ്കൂളാണ് ജില്ലയിൽ യുപി വിഭാഗത്തിൽ കൂടുതൽ വിദ്യാർഥികൾ ഉള്ള വിദ്യാലയം. പ്രീ–പ്രൈമറി കൂടാതെ 1151 വിദ്യാർഥികൾ ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നുണ്ട്. പ്രീ–പ്രൈമറിയിൽ 150 വിദ്യാർഥികളുണ്ട്. പഠനത്തിലും–പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ മികവാർന്ന പ്രവർത്തനമാണ് നടത്തുന്നത്. വർഷങ്ങളുടെ പഴക്കമുള്ള വിദ്യാലയത്തിൽ നിലവിലുള്ള കെട്ടിടങ്ങളിൽ ഏറെയും പഴക്കമുള്ളവയാണ്. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കെട്ടിടം പണിയുന്നതിനുള്ള നടപടിയായിട്ടുണ്ട്. എന്നാൽ ഇത് പൂർത്തിയാകണമെങ്കിൽ രണ്ടു വർഷമെങ്കിലും വേണം.

ചായ്യോത്ത് ജിഎച്ച്എസ്എസ്

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികളെ എസ്എസ്എൽസി പരീക്ഷയ്ക്കിരുത്തി 100 % വിജയം നേടുകയും ഈ വർഷം ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടുകയും ചെയ്ത സർക്കാർ വിദ്യാലയമാണിത്. 

സമ്പൂർണ കുടിവെള്ള പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെ മാകെയർ പദ്ധതിയും നടപ്പാക്കിയ ജില്ലയിലെ ആദ്യ വിദ്യാലയം. മോഡൽ സയൻസ് ലാബും മോഡൽ ലൈബ്രറിയും പ്രവർത്തിക്കുന്നു. എൻസിസി, എസ്പിസി, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ എല്ലാ കെഡറ്റ് സംവിധാനങ്ങളും എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ എല്ലാ ക്ലബ് സംവിധാനങ്ങളും പ്രവർത്തിച്ചു വരുന്നു.

എച്ച്എസ് വരെ 1947 കുട്ടികൾ. എച്ച്എസ്എസിൽ 500 കുട്ടികൾ. എച്ച്എസ് വരെ 66 അധ്യാപകർ, എച്ച്എസ്എസിൽ 20 പേർ. എസ്എസ്എൽസി 281 പേരാണ് പരീക്ഷയ്ക്കിരുന്നത്. ഇതിൽ 72 പേർക്ക് മുഴുവൻ എ പ്ലസ്. നിലവിൽ 5 സ്കൂൾ ബസുണ്ട്.. വിദ്യാർഥികൾക്ക് ആനുപാതികമായി ക്ലാസ് മുറികളുടെയും സ്കൂൾ ബസിന്റെയും അപര്യാപ്തതയുണ്ട്. വിദ്യാലയത്തിന് സ്പോർട്സ് ഡിവിഷൻ അനുവദിച്ചെങ്കിലും യാഥാർഥ്യമായില്ല.

 എ.ബീന പ്രധാനാധ്യാപിക ഇൻ ചാർജ്,പെരിയ ജിഎൽപി സ്കൂൾ

‘‘പഠനത്തിലെന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപിലാണ് പെരിയ ജിഎൽപി സ്കൂൾ. എല്ലാ ദിനാചരണങ്ങളിലും വിദ്യാർഥികളുടെ പങ്കാളിത്തം കൃത്യമായി ഉറപ്പാക്കുന്നു. വിദ്യാലയ വികസന സമിതിയും പിടിഎയും മദർപിടിഎയും പൂർവവിദ്യാർഥി സംഘടനയുമെല്ലാം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയുമായുണ്ട്.’’

എം.എം.അബ്ദുൽഖാദർ പ്രധാനാധ്യാപകൻ, ചെർക്കള ഗവ.എച്ച്എസ്എസ്

‘‘വിദ്യാലയത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്കു കുറവുണ്ട്. എന്നാൽ വിദ്യാർഥികളുടെ പഠനത്തെ ഇതു ബാധിക്കാതിരിക്കാനുള്ള ശ്രമമാണ് അധ്യാപകരും പിടിഎ ഉൾപ്പെടെയുള്ള കമ്മിറ്റികൾ ചെയ്യുന്നത്. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% ജയം നേടി. 287 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 32 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.’’

സി.ബിജു പിടിഎ പ്രസിഡന്റ്, ചായ്യോത്ത് ജിഎച്ച്എസ്എസ്

‘‘പിടിഎ, എസ്എംസി, മദർ പിടിഎ, സ്കൂൾ വികസന സമിതി എന്നിവ കാര്യക്ഷമതയോടെ ഒറ്റക്കെട്ടായി നടത്തുന്ന പ്രവർത്തനങ്ങളാണ് സ്കൂളിന്റെ വികസനത്തിന്റെ അടിത്തറ. ക്ലോക്ക് നോക്കാതെ ജോലി ചെയ്യുന്ന അധ്യാപക, അധ്യാപകേതര ജീവനക്കാരും ഈ മുന്നേറ്റത്തിന് ഊർജം പകരുന്നു. രക്ഷിതാക്കൾ ഓരോരുത്തരുടെയും സജീവ ശ്രദ്ധയുണ്ട്. പ്രദേശത്തെ എല്ലാ സംഘടനകളുടെയും പിന്തുണയും ഉണ്ട്.’’

 കെ.ഐ.ശ്രീവത്സൻ, പ്രധാനധ്യാപകൻ, തെക്കിൽപ്പറമ്പ് ഗവ.യുപി സ്കൂൾ

‘‘ഏറെ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. എന്നാൽ വിദ്യാർഥികളുടെ യാത്രയാണ് പ്രധാനം പ്രശ്നം. സ്കൂളിനു സ്വന്തമായി വാഹന സൗകര്യമില്ല. സ്വന്തമായി വാഹന സൗകര്യം ഉണ്ടെങ്കിൽ വിദ്യാ‍ർഥികളുടെ യാത്ര പ്രശ്നം പരിഹരിക്കാനും കൂടുതൽ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാനും സാധിക്കുമായിരുന്നു. പഠനത്തിൽ പിന്നാക്ക നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക ക്ലാസുകളും നടത്തുന്നുണ്ട്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com