ജയിച്ചവർക്കൊന്നും സീറ്റില്ല! 3481 വിദ്യാർഥികൾക്ക് പഠിക്കാനാകുമോ ?

HIGHLIGHTS
  • എസ്എസ്എൽസി പരീക്ഷ വിജയിച്ച 3481 വിദ്യാർഥികൾക്ക് ജില്ലയിൽ ഉപരിപഠനത്തിന് സീറ്റില്ല
plus1-seat-increasei
SHARE

കാസർകോട് ∙ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിനു അർഹത നേടിയ 3481 വിദ്യാർഥികൾക്ക് ജില്ലയിൽ പ്ലസ് വണിൽ സീറ്റില്ലാത്തത് പഠനം അവതാളത്തിലാക്കുമെന്ന ആശങ്ക. ജില്ലയിൽ 19,466 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് അർഹത നേടിയത്. പ്ലസ് വൺ, വിഎച്ച്എസ്ഇ, പോളിടെക്നിക്, ഐടിഐ, കഴിഞ്ഞവർഷം അനുവദിച്ച ഒരു താൽക്കാലിക ബാച്ച് ഉൾപ്പെടെ ജില്ലയിൽ ആകെ 15,985 സീറ്റുകളാണുള്ളത്. അർഹതയുണ്ടായിട്ടും 3,481 വിദ്യാർഥികൾക്കാണ്  ഇത്തവണ  ഉപരിപഠനത്തിന് ജില്ലയിൽ സീറ്റ് കിട്ടാതെ പോകുന്നത്.  മതിയായ ബാച്ചുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നിശ്ചിത ശതമാനം സീറ്റ് വർധിപ്പിച്ച് നടത്തുന്ന ശ്രമം പ്രശ്നത്തിനുള്ള  പരിഹാരമാകുന്നില്ല.

 ജില്ലയിൽ കാസർകോട്, മഞ്ചേശ്വരം മേഖലകളിലെ വിദ്യാർഥികളാണ് ഏറെയും ദുരിതത്തിലാകുന്നത്. സീറ്റുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ സംഘടനകളുടെ സമരങ്ങൾ തുടരുമ്പോഴും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇതുവരെ അനുകൂലമായ തീരുമാനമായില്ല. 2013ലെ പ്രഫ.പി.ഒ.ജെ ലബ്ബ കമ്മിറ്റി ശുപാർശപ്രകാരം ഒരു ക്ലാസ്സ് മുറിയിൽ ശരാശരി 40 വിദ്യാർഥികളാണു വേണ്ടത്. എന്നാൽ, സർക്കാർ 10 സീറ്റ് വർധിപ്പിച്ച് 50 വിദ്യാർഥികൾ ഉൾപ്പെടുന്നതാണ് നിലവിൽ തന്നെ ഒരു ബാച്ച്. ഇപ്പോൾ  സീറ്റ് അപര്യാപ്തത പരിഹരിക്കുന്നതിന്റെ ഭാഗമായി 30% സീറ്റ് വർധന വരുത്തുന്നതിലൂടെ ജില്ലയിലെ വിദ്യാലങ്ങളിൽ 65 മുതൽ 70വരെ വിദ്യാർഥികൾ ഒരു ക്ലാസ്സിലുണ്ടാകും. അഡ്മിഷൻ നടപടികൾ തുടങ്ങുന്നതിനു മുൻപ് തന്നെ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് ജില്ലയിലെ വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്. സീറ്റ് വർധനവിലൂടെ പ്രശ്നം പരിഹരിക്കാനാവില്ല; പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്.  അതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും ഹയർസെക്കൻഡറിയായി  ഉയർത്തുകയും നിലവിലുള്ള മുഴുവൻ ഹയർ സെക്കൻഡറി  സകൂളുകളിലും സയൻസ് ബാച്ചുകൾ അനുവദിക്കുകയും വേണമെന്ന ആവശ്യവും വിവിധ മേഖലകളിൽ നിന്ന് ഉയർന്നിട്ടുണ്ട്.

 മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലകളിൽ ജീവശാസ്ത്രം ഉൾപ്പടെയുള്ള സയൻസ് ബാച്ച് ഒരു സ്കൂളിൽ മാത്രമാണുള്ളത്. കുമ്പള ഗവ.ഹയർസെക്കൻഡറി  സ്കൂളിലെ 60 സീറ്റുകളിലേക്ക് ആയിരത്തോളം അപേക്ഷകളാണ് കഴിഞ്ഞ അധ്യയന വർഷം എത്തിയത്. മറ്റു മണ്ഡലങ്ങളിൽ 17 മുതൽ 20 വരെ സയൻസ് ബാച്ചുകളുള്ളപ്പോൾ മഞ്ചേശ്വരത്തുള്ളത് 9 ബാച്ചുകളാണ്. എന്നാൽ, ജില്ലയിലെ നഗരപ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ സീറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും അതിർത്തി പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ വിവിധ ബാച്ചുകളിൽ കഴിഞ്ഞവർഷം ഒട്ടേറെ സീറ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു.

എംഎസ്എഫ് ഹൈവേ ഉപരോധം 12ന്

കാസർകോട് ∙ മലബാർ ജില്ലകളിലെ ഹയർ സെക്കൻഡറി സീറ്റ് അപര്യാപ്തതയ്ക്ക് എതിരെ എംഎസ്എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 12ന് 11ന് ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലെ മേഖലകളിൽ ഹൈവേ ഉപരോധിക്കും. കാലങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് പ്രശ്‌നത്തിനു ശാശ്വത പരിഹാരം വേണമെന്നതാണ് സമരത്തിന്റെ ആവശ്യം. മുൻ ഹയർ സെക്കൻഡറി ഡയറക്ടർ പ്രഫ. വി.കാർത്തികേയൻ അധ്യക്ഷനായുള്ള കമ്മിഷന്റെ റിപ്പോർട്ട് പുറത്ത് വിടണമെന്നും അധിക ബാച്ച് ഉൾപ്പടെ കമ്മിഷന്റെ ശുപാർശകൾ നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ടു. ജില്ലയിൽ കൂടുതൽ ബാച്ച് അനുവദിക്കാതെ ക്ലാസ് മുറികളിൽ കൂടുതൽ കുട്ടികളെ തിരുകിക്കയറ്റാനുള്ള നീക്കം വിദ്യാർഥികളോട് ചെയ്യുന്ന ക്രൂരതയാണ്. കൂടുതൽ ബാച്ച് അനുവദിക്കുന്നത് വരെ സമര രംഗത്തുണ്ടാകും.

 മഞ്ചേശ്വരം മണ്ഡലത്തിൽ ഉപ്പള, കാസർകോട്-വിദ്യാനഗർ, ഉദുമ-ബോവിക്കാനം, കാഞ്ഞങ്ങാട് -പടന്നക്കാട്, തൃക്കരിപ്പൂർ-തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഹൈവേ ഉപരോധിക്കുകയെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ്‌ താഹ ചേരൂർ, ജനറൽ സെക്രട്ടറി സവാദ് അംഗഡിമുഗർ എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS