പെരിയ ∙ സ്വയംപര്യാപ്ത രാജ്യമെന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനുള്ള മികച്ച ഉപാധിയാണ് വിദ്യാഭ്യാസമെന്ന് കേന്ദ്രമന്ത്രി ജോൺ ബർല പറഞ്ഞു. കേരള കേന്ദ്ര സർവകലാശാലയിൽ പുതുതായി നിർമിച്ച അമരാവതി, മധുവാഹിനി എന്നീ രണ്ടു ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ലഭ്യമാകുന്ന വികസനത്തിന്റെ അടിസ്ഥാന ശിലയാണ് വിദ്യാഭ്യാസം. പരസ്പര സഹകരണത്തിലൂടെ രാജ്യ പുരോഗതിയെ ത്വരിതപ്പെടുത്തുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളോടുള്ള ആശ്രയം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗണ്യമായി കുറയ്ക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ സ്വയംപര്യാപ്ത രാജ്യമെന്ന സങ്കൽപത്തിലേക്ക് എത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. കേരള കേന്ദ്ര സർവകലാശാലയിൽ ഗവേഷക വിദ്യാർഥികൾക്കു മാത്രമായുള്ള ഒരു പുതിയ ഹോസ്റ്റലിന്റെ നിർമാണത്തിന് മന്ത്രി സഹായം വാഗ്ദാനം ചെയ്തു.
വൈസ് ചാൻസലർ പ്രഫ. എച്ച്.വെങ്കടേശ്വർലു, റജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ, ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി പ്രഫ. രാജേന്ദ്ര പിലാങ്കട്ട, ഇംഗ്ലിഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം അധ്യക്ഷനും കേന്ദ്ര സർവകലാശാല എക്സിക്യുട്ടീവ് കൗൺസിൽ അംഗവുമായ പ്രഫ. ജോസഫ് കോയിപ്പള്ളി, സ്റ്റുഡന്റ് വെൽഫെയർ ഡീൻ പ്രഫ. കെ.അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. രണ്ട് ഹോസ്റ്റലുകളിലുമായി 500 വിദ്യാർഥികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.