പാറക്കടവ് ∙ എഎൽപി സ്കൂൾ നല്ലപാഠം ക്ലബ് നേതൃത്വത്തിൽ സ്കൂളിൽ നടപ്പാക്കിയ നല്ലപാഠം വിത്ത് എ ഫ്രണ്ട് പരിപാടി റിട്ട. പ്രധാനാധ്യാപകൻ കെ.കെ.ജലാൽ ഉദ്ഘാടനം ചെയ്തു. വിത്തുകളുടെ പ്രാധാന്യത്തെക്കുറിച്ചും വിത്തുകൾ നടുന്നതിനെക്കുറിച്ചും മണ്ണ് ഒരുക്കേണ്ടതിനെക്കുറിച്ചുമെല്ലാം കുട്ടികൾക്കു വിവരിച്ചു നൽകി.
കുമ്മായം ഇട്ടു തയാറാക്കി കൊണ്ടുവന്ന മണ്ണിലേക്കു ചാണകപ്പൊടി, ചകിരിച്ചോറ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്തു വിത്ത് നടുന്നവിധം കുട്ടികൾക്ക് ക്ലാസ്മുറിയിൽ വച്ചുതന്നെ കാണിച്ചു കൊടുത്തു. തുടർന്നു സ്കൂൾ പ്രധാനാധ്യാപകൻ ബിജു മാത്യുവിന് വിത്തുകൾ കൈമാറി. പിന്നീട് കുട്ടികൾ തങ്ങളുടെ സുഹൃത്തുക്കൾക്കും വിത്തുകൾ വിതരണം ചെയ്തു. നല്ലപാഠം കോ ഓർഡിനേറ്റർമാരായ എം.മോനിഷ, മാജിത, പി.വിനീത എന്നിവർ നേതൃത്വം നൽകി.