നാവിനിമ്പമേകും രുചിവൈവിധ്യം പകർന്ന് ‘കച്ച് ’
Mail This Article
പുതുരുചികൾ തേടിയിറങ്ങുന്നവരുടെ ഇഷ്ട ഇടമാണ് കണ്ണൂർ സിറ്റി. വിവിധ പലഹാരങ്ങളും നല്ല കിടിലൻ ബിരിയാണിയും കിട്ടുന്ന കടകൾ ഇവിടെയുണ്ട്. പലരുടെയും ഇഷ്ടകേന്ദ്രമാണ് ആബിദിന്റെ കട. കണ്ണൂർ സിറ്റി ഡിഐഎസ് സ്കൂളിന് അടുത്തുള്ള ഈ കടയിലെ സ്പെഷൽ, 'കച്ച് ' എന്ന വിളിപ്പേരുള്ള ഇത്തിരിക്കുഞ്ഞൻ ഐറ്റമാണ്. ഇനി ഈ കച്ച് പലഹാരമാണെന്ന് കരുതുന്നവരുണ്ടെങ്കിൽ തെറ്റി കേട്ടോ. കാരണം കച്ചാണ് കടയിലെ പല വിഭവങ്ങൾക്കും അഡാറ് രുചി പകരുന്ന സൂപ്പർ താരം.
രൂപത്തിൽ അച്ചാറിനോടോ ടൊമാറ്റോ സോസിനോടോ സാദൃശ്യം തോന്നുമെങ്കിലും രുചിയിൽ ഒട്ടും സാമ്യമില്ല. വാളൻപുളിയും മുളകുപൊടിയും പഞ്ചസാരയുമൊക്കെ ചേർത്തുണ്ടാക്കുന്ന മസാല പേസ്റ്റാണ് കച്ച്. അതിനാൽ എരിവും പുളിയും മധുരവും എല്ലാം സമാസമം.കടയിലെത്തിയാൽ കച്ചിന്റെ ഏതു വെറൈറ്റി രുചിക്കണമെന്ന് കൺഫ്യൂഷൻ ഉള്ളവർക്കായി ....കറുമുറെ കടിച്ചുകൊറിക്കാൻ താൽപര്യമുള്ളവർക്ക് ലൊട്ടക്കച്ച്, കൊള്ളിക്കച്ച്, മുറുക്ക് കച്ച്, മിക്സ്ചർക്കച്ച് എന്നിവ രുചിച്ചു നോക്കാം. ഇനി ഉപ്പിലിട്ടതാണ് ഇഷ്ടമെങ്കിൽ പൈനാപ്പിൾ, മാങ്ങ കച്ചുകൾ രുചിക്കാം.
ഇനി കച്ച് മാത്രമേ ഇവിടെയുള്ളൂ എന്നു കരുതേണ്ട. വയറു നിറയെ കുടിക്കാൻ വ്യത്യസ്തമാർന്ന ഡ്രിങ്കുകളും ഉണ്ട്. നാരങ്ങയും നന്നാറിയും ഒക്കെ ചേർത്തുണ്ടാക്കുന്ന സർബത്തുകളിൽ 'സുമാനി ' സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പൂക്കുറ്റി പോലെ ചീറ്റുന്ന 'പൂക്കുറ്റി ഡോഡ' മറ്റൊരു ഐറ്റമാണ്. ഇതു കൂടാതെ മലബാറിന്റെ സ്വന്തം ചിരണ്ടി ഐസിന്റെ വിവിധ രുചികളും ഇവിടെ കിട്ടും. വർഷങ്ങളായി ആബിദിന്റെ കടയിൽ പുത്തൻ രുചികൾ എത്തുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും കച്ച് കഴിക്കാനെത്തുന്നവർ ഏറെയാണ്.