മുഖ്യമന്ത്രിക്ക് പെൻസിൽ സ്കെച്ച് ഛായാചിത്രം നൽകി അധ്യാപകൻ

Mail This Article
കാസർകോട് ∙ ‘‘നന്നായി’’ – താൻ വരച്ചു നൽകിയ പെൻസിൽ ഛായാചിത്രം വാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ വാക്ക് ഏറെ പ്രോത്സാഹനം നൽകിയതായി സഞ്ജയ് വെങ്ങാട്ട്. കാസർകോട് ജില്ലയിലെ പടന്ന എംആർവി ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകനായ സഞ്ജയ് വെങ്ങാട്ടാണ് കഴിഞ്ഞ ദിവസം പിണറായിയിൽ മുഖ്യമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹത്തിന് പെൻസിൽ സ്കെച്ച് നൽകിയത്.
ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇതിലൂടെ സാധ്യമായതെന്ന് സഞ്ജയ് പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കാസർകോട്ടെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതിനിടെ അദ്ദേഹത്തിന്റെ പെൻസിൽ ഛായാചിത്രം നൽകാനായതും തന്റെ ഏറെ പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നായി സഞ്ജയ് കരുതുന്നു. ഏറെ സന്തോഷത്തോടെയാണ് രണ്ടു നേതാക്കളും ചിത്രങ്ങൾ ഏറ്റുവാങ്ങിയതെന്നും സഞ്ജയ് പറഞ്ഞു.

നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിലും ഏറെ സജീവമായ സഞ്ജയ് കാസർകോട് കാടങ്കോട് ജയ്‌ഹിന്ദ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ജയ്‌ഹിന്ദ് വായനശാല എന്നിവയിലെ സജീവ പ്രവർത്തകനാണ്. മൂന്നു വർഷമായി ഓൺലൈൻ, ഓഫ്‌ലൈൻ പ്രശ്നോത്തരികളും നടത്തിവരുന്നു. ഭാര്യ ദീപശ്രീ കാഞ്ഞങ്ങാട് ജില്ലാ കോടതിയിൽ സീനിയർ ക്ലാർക്ക് ആണ്. ആത്മീക, നിനവ് എന്നിവരാണ് മക്കൾ.
English Summary: Smiling portrait: A special gift for CM Pinarayi Vijayan from Teacher Sanjay Vengad