കാസർകോട്∙ബേക്കൽ തീരത്തു നിർത്തിയിട്ട വിമാനം. വിമാനത്തിൽ ഒരു രാത്രിയിലും പകലും ചെലവഴിക്കാം. അതും വളരെ ചെറിയ നിരക്കിൽ. നാളെ ആരംഭിക്കുന്ന ‘റൈസിങ് കാസർകോട്’ നിക്ഷേപക സംഗമത്തിൽ അവതരിപ്പിക്കുന്നതിൽ വേറിട്ടൊരു സംരംഭക ആശയമാണ് ഫ്ലൈറ്റ് റിസോർട്ട്. 6 വർഷമായി ടൂറിസം മേഖലയിൽ സംരംഭകരായി പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ‘ക്ലാപ്ഔട്ട്’ ആണ് ‘ഫ്ലൈറ്റ് റിസോർട്ട് എന്ന ആശയം സംഗമത്തിൽ അവതരിപ്പിക്കുന്നത്.
ചില വിദേശ രാജ്യങ്ങളിലെല്ലാം പരിചിതമായ ആശയമാണ് ഫ്ലൈറ്റ് റിസോർട്ട്. എങ്കിലും ഇത്തരം ഒരു സംരംഭം ഇന്ത്യയിൽ ആദ്യത്തേതാണെന്ന് ഇവർ പറയുന്നു. ഉപയോഗ ശൂന്യമായ വിമാനങ്ങൾ സ്ക്രാപ് ആയി വിലയ്ക്കെടുക്കുന്നതാണ് സംരംഭത്തിന്റ ആദ്യ പടി. പിന്നീട് കടൽത്തീരത്ത് ഇവ സ്ഥാപിച്ച് ബെഡ് റൂം, ഓപ്പൺ കിച്ചൻ, ഇൻഫിനിറ്റി പൂൾ തുടങ്ങിയവ സജീകരിക്കും. വിമാനയാത്രയുടെ ഫീൽ, മനോഹരമായ കടൽക്കാഴ്ച, ലക്ഷ്വറി എന്നിവ സംയോജിപ്പിച്ച് ഇതു നടപ്പാക്കാനാവുമെന്നാണ് പ്രൊജക്ട് അവതരിപ്പിക്കുന്ന സംരംഭകർ പറയുന്നത്. 5 ലക്ഷ്വറി ബെഡ്റൂമുകളാണ് വിമാനത്തിനകത്ത് സജീകരിക്കുക.
ചെങ്കള സ്വദേശി ഖാലിദ് ഷാൻ ആണ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ. ആർകിടെക്റ്റ് ഉണ്ണി കാസർകോട്, എൻജിനീയർ എ.കെ.അബ്ദുൽ നൗഫൽ എന്നിവരും ചേർന്നാണ് ആശയം നിക്ഷേപക സംഗമത്തിലേക്ക് തയാറാക്കിയത്. 10 കോടിയുടെ മുകളിലാണ് പ്രതീക്ഷിക്കുന്ന ചെലവ്.മംഗളൂരുവിൽ നിന്ന് വളരെ അടുത്തായതിനാൽ വിദേശ ടൂറിസ്റ്റുകളെയും തദ്ദേശീയരെയും ഒരുപോലെ ആകർഷിക്കാമെന്നതും പ്രത്യേകതയാണ്. അധികൃതരിൽ നിന്ന് തീരദേശത്ത് ഇത്തരമൊരു സംരംഭം ഒരുക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുക, ഉപേക്ഷിക്കപ്പെട്ട വിമാനം വിലയ്ക്കെടുത്ത് നവീകരിച്ച് റിസോർട്ടാക്കി മാറ്റുന്നതിനുള്ള ചെലവ് എന്നിവ വെല്ലുവിളിയാണ്.
ഞങ്ങൾ അവതരിപ്പിക്കുന്ന ഫ്ലൈറ്റ് റിസോർട്ട് ആശയത്തിന് റൈസിങ് കാസർകോട് നിക്ഷേപക സംഗമത്തിൽ നിക്ഷേപകരെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ
ഖാലിദ് ഷാൻ, നിക്ഷേപക സംഗമത്തിൽ ഫ്ലൈറ്റ് റിസോർട്ട് ആശയം അവതരിപ്പിക്കുന്ന സംരംഭകൻ
പക്ഷേ നിക്ഷേപക സംഗമത്തിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്നാണ് യുവാക്കളുടെ പ്രതീക്ഷ. ബേക്കൽ മുതൽ കീഴൂർ കടപ്പുറം വരെയുള്ള പ്രദേശത്താണ് പദ്ധതി നടപ്പാക്കാൻ ഇവർ നിർദേശിക്കുന്നത്. ഇതിനുള്ള സ്ഥലവും ടൂറിസം വകുപ്പ് ലഭ്യമാക്കണം. നാളെയും മറ്റന്നാളുമായി ബേക്കൽ ലളിത് റിസോർട്ടിലാണ് ‘റൈസിങ് കാസർകോട്’ നിക്ഷേപക സംഗമം നടക്കുന്നത്. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്നാണ് സംഘാടനം. ജില്ലയിലെ സംരംഭകരുടെയും യുവാക്കളുടെയും ആശയങ്ങളും പ്രൊജക്ടുകളും ജില്ലയ്ക്കകത്തും പുറത്തുമുള്ള നിക്ഷേപകരുടെ മുന്നിൽ അവതരിപ്പിക്കും. ചെറുകിട–വൻകിട വ്യവസായം 8, ടൂറിസം മേഖല 5, വിവര സാങ്കേതിക മേഖല 2 എന്നിങ്ങനെ 15 പ്രൊജക്ട് ആശയങ്ങളാണ് സംഗമത്തിൽ അവതരിപ്പിക്കപ്പെടുന്നത്. രാവിലെ 9.30ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
English Summary: Flight resort at bekal fort Kasaragod