ADVERTISEMENT

കാസർകോട് ∙ചന്ദ്രഗിരി റോഡിലെ സംസ്ഥാനപാതയിൽ അപകടക്കുഴികൾ ഏറെയാണെന്ന് അധികൃതരെ അറിയിച്ചിട്ടും ചെവികൊള്ളാത്തിനാൽ നഷ്ടമായത് ഒരു പെൺകുട്ടിയുടെ ജീവൻ. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ചന്ദ്രഗിരിപ്പാലത്തിനടുത്ത് പുലിക്കുന്നിൽ പൂട്ടുകട്ട പാകിയ സ്ഥലത്തിനു സമീപത്തെ കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞത് ഞായാറാഴ്ച രാത്രിയാണ്. അപകടത്തിൽ കണ്ണൂർ സെന്റ് മൈക്കിൾ സ്കൂൾ പരിസരത്തെ സുഖജ്യോതി വീട്ടിൽ മഹേഷ്ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗ (20) ആണ് മരിച്ചത്.

ആലപ്പുഴ മയ്യളത്തെ ഗോപാലക്കുറുപ്പിന്റെ മകൻ അജിത് കുറുപ്പ് (20) പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ്. ഈ പാതയിലെ ഉൾപ്പെടെയുള്ള കുഴികൾ സംബന്ധിച്ച് മനോരമ 16ന് റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട പ്രവൃത്തികളായിട്ടു പോലും അധികൃതർ ഇതു കണ്ടില്ലെന്നു നടിച്ചതോടെയാണ് ഒരു പെൺകുട്ടിയുടെ ജീവൻ പൊലിഞ്ഞത്. റോഡിലെ കുഴി അന്നു തന്നെ താൽക്കാലികമായെങ്കിലും നികത്തിയിരുന്നുവെങ്കിൽ ഇത്രയും വലിയ ദുരന്തം ഉണ്ടാകുമായിരുന്നില്ല.

2 ദിവസം; അപകടത്തിൽപെട്ടത് 8 ബൈക്കുകൾ

ഞായാറാഴ്ചയും ഇന്നലെ രാവിലെ 11മണിക്കുള്ളിലുമായി  8 ബൈക്കുകളാണ് അപകടത്തിപ്പെട്ടത്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.  ചന്ദ്രഗിരിപ്പാലം വഴി പോകുന്ന റോഡിൽ നിറയെ കുഴികളാണ്. പുലിക്കുന്ന് ജംക‍്ഷനടുത്തെ 3 കുഴികളാണ് അപകടക്കെണിയൊരുക്കുന്നത്. ചന്ദ്രിഗിരിപ്പാലത്തിന്റെയും ചന്ദ്രഗിരി ജംക‍്ഷന്റെയും ഇടയിൽ ഇന്റർലോക്ക് ചെയ്ത ഭാഗം അവസാനിക്കുന്നിടത്തും അവിടെ നിന്ന് പാലത്തിലേക്കു പോകുന്ന ഭാഗത്ത്  5 മീറ്റർ അകലെയുമായിരുന്നു കുഴികൾ ഏറെയും.   കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. 

കുഴി മൂടി; അപകടശേഷം

അപകട ശേഷം ഇന്നലെ 11ന് തൊഴിലാളികളെത്തി ജെല്ലികളിട്ട് കുഴികൾ താൽക്കാലികമായി നികത്തിയെങ്കിലും മഴ കാരണവും ചരക്കുവാഹനങ്ങൾ ഉൾപ്പെടെ പോകുന്നതിനാലും നികത്തിയ കുഴിയിൽ ചില കല്ലുകൾ തെറിച്ചു പോയി വീണ്ടും കുഴി രൂപപ്പെട്ടിരിക്കയാണ്. മഴയ്ക്കു മുൻപേ ചെറിയ കുഴികൾ മാത്രമായിരുന്നു. മഴ പെയ്യാൻ തുടങ്ങിയതോടെ കുഴിയുടെ വലുപ്പം കൂടി. ഇതേക്കുറിച്ച് നേരത്തെ വിവിധ സംഘടനകളും ഡ്രൈവർമാരും മരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടായില്ല.  ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ദീർഘദൂര ബസുകളും ചരക്കുവാഹനങ്ങളും ഈ പാതയിലൂടെയാണ് പോകുന്നത്. പാതയിലെ കുഴികൾ ടാർ ചെയ്തു നികത്തുന്നതിനു മഴ തടസ്സമായതായി മരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. കുഴികൾ താൽക്കാലികമായ നികത്തുക മാത്രമാണ് ഇന്നലെ ചെയ്തതെന്നും അധികൃതർ പറഞ്ഞു. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com