കലക്ടർ ഇടപെട്ടു, റോഡിലെ കുഴികൾ അടച്ച് ഫോട്ടോ കാണിക്കണം; 3 മണിക്കൂർ കൊണ്ട് എല്ലാം അടച്ചു
Mail This Article
കാസർകോട് ∙ മലയാള മനോരമ വാർത്തയെത്തുടർന്ന് ജില്ലയിലെ വിവിധ റോഡുകളിലെ അപകട കുഴികൾ അടയ്ക്കാൻ കലക്ടർ കെ.ഇമ്പശേഖരന്റെ അടിയന്തര ഇടപെടൽ. 3 മണിക്കൂർ കൊണ്ട് കുഴിയടച്ച് ഉദ്യോഗസ്ഥർ കലക്ടർക്ക് റിപ്പോർട്ട് കൈമാറി.മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച റോഡിലെ കുഴികൾ സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു കലക്ടർ കെ.ഇമ്പശേഖർ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ അടിയന്തര യോഗം ഇന്നലെ ഉച്ചയ്ക്ക് 12ന് ജില്ലാ കലക്ടറുടെ ചേംബറിൽ വിളിച്ചു ചേർക്കുകയായിരുന്നു. അപകടമരണം ഒഴിവാക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നും പ്രധാന റോഡുകളിലെ കുഴികൾ അടച്ച് ഫോട്ടോ സഹിതം വൈകിട്ട് 3നകം റിപ്പോർട്ട് നൽകണമെന്നും കലക്ടർ നിർദേശം നൽകി. തുടർന്നാണ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ പൂർത്തീകരിച്ചത്. ചന്ദ്രഗിരി പാലത്തിനു സമീപത്തെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരിയായ കണ്ണൂർ സ്വദേശിനി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
കുഴികൾ നികത്തിയത് 3 മണിക്കൂർ കൊണ്ട്
കലക്ടറുടെ കർശന നിർദേശത്തെ തുടർന്ന് 3 മണിക്കൂറുകൾ കൊണ്ട് കുഴികൾ നികത്തി. ചെർക്കള ടൗണിൽ യാത്രക്കാർക്ക് ഭീഷണിയായ കുഴി കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയർമാരുടെ നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് അടച്ചു. ചെർക്കള കല്ലടുക്ക റോഡിലെ കുഴികളും അടച്ചു ഗതാഗത യോഗ്യമാക്കി. മേൽപ്പറമ്പ് ജംക്‌ഷന് സമീപം റീടാറിങ് ഇളകി രൂപപ്പെട്ട കുഴി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ അടച്ചു. ചെർക്കള - കല്ലടുക്ക റോഡിന്റെ നിർമാണ പ്രവൃത്തി നടത്തിയ കരാറുകാരന് കുഴികൾ അടയ്ക്കാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്ന് കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കളനാട് ജുമാ മസ്ജിദിന് സമീപം റോഡിലെ കുഴി അടച്ചു. ഈ റോഡിൽ മണ്ണ് ഉയർന്ന് നിൽക്കുന്ന ഭാഗത്തെ അപകടം ഒഴിവാക്കി ഗതാഗത യോഗ്യമാക്കി. കാസർകോട് പ്രസ് ക്ലബ് ജംക്‌ഷന് സമീപം അപകടം നടന്ന് വിദ്യാർഥിനി മരിച്ച സ്ഥലത്തെ കുഴിയും അടച്ചു. മറ്റ് കുഴികൾ നികത്തുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
കുഴി അടയ്ക്കൽ തുടരും
കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിലെ കുഴികൾ മഴയുടെ ശക്തി കുറയുന്നതോടെ പൂർണമായും അടയ്ക്കുമെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പള്ളിക്കര മേൽപ്പാലത്തിനും ചന്ദ്രഗിരിപ്പാലത്തിനും മുകളിൽ രൂപപ്പെട്ട കുഴികൾ നികത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ചെർക്കള - ജാൽസൂർ പാതയിൽ ചെർക്കള മുതൽ കെകെ പുറം വരെയുള്ള ഭാഗത്തുള്ള കുഴികൾ നികത്തുന്ന പ്രവൃത്തി അടുത്ത ദിവസം പൂർത്തീകരിക്കും. കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ കേരള റോഡ്‌സ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രദീപ്കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ വി.മിത്ര, ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയർ സുജിത്ത്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരായ കെ.രാജീവൻ, പ്രകാശൻ പള്ളിക്കുടിയൻ, കെഎസ്ടിപി അസി.എൻജിനീയർ സി.ധന്യ എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local