സംസ്ഥാന പാതയിലെ മരണക്കുഴികൾക്ക് പരിഹാരം തേടി മന്ത്രിക്ക് കത്ത്

Mail This Article
കാസർകോട് ∙ കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ മരണക്കുഴികൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കത്തയച്ചു. കാസർകോട് ചന്ദ്രഗിരി റോഡിൽ കഴിഞ്ഞ ദിവസം ബൈക്ക് കുഴിയിൽ വീണ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണ് ദാരുണമായി മരിച്ച സംഭവം അധികൃത അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ്. കഴിഞ്ഞ 8 വർഷത്തോളമായി ഈ ഭാഗത്ത് റോഡ് പൊട്ടിപ്പൊളിയുന്നത് സാധാരണമാണെങ്കിലും അധികൃതർ തുടരുന്ന നിസ്സംഗത പ്രതിഷേധാർഹമാണ്.
വ്യവസായ സംരംഭകരെയും വിനോദസഞ്ചാരികളെയും ജില്ലയിലേക്ക് ആകർഷിക്കാൻ ‘റൈസിങ് കാസർകോട്’ പോലെ വിപുലമായ നിക്ഷേപ സംഗമം ഒരു വശത്ത് നടക്കുമ്പോൾ മറ്റൊരു വശത്ത് മരണക്കുഴികൾ കാരണം ജീവൻ പൊലിയുന്നു എന്നത് ദൗർഭാഗ്യകരമാണ്. അപകടം നടന്നത് പുലിക്കുന്ന് പിഡബ്ല്യുഡി ഓഫിസിന് തൊട്ടടുത്താണ് എന്നത് അനാസ്ഥയുടെ ആഴം വെളിവാക്കുന്നതാണെന്ന് എൻഎംസിസി കാസർകോട് ചാപ്റ്റർ ചെയർമാൻ എ.കെ.ശ്യാംപ്രസാദ്, ജനറൽ കൺവീനർ എം.എൻ.പ്രസാദ് എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.