ദേശീയപാത വികസനം: എംപിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് കാസർകോട്ടു നിന്നുള്ള സംഘം
Mail This Article
കാസർകോട് ∙കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മന്ത്രിയുടെ വസതിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തി. സംസ്ഥാന അതിർത്തിയായ തലപ്പാടി മുതൽ കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി വരെ കാസർകോട് മണ്ഡലത്തിൽ പെട്ട ദേശീയപാത വികസനം സംബന്ധിച്ച് ജനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ മാറ്റങ്ങൾ പരമാവധി ചെയ്തു തരാമെന്നു മന്ത്രി പറഞ്ഞതായും എംപി അറിയിച്ചു.
രാജ്യസഭാ അംഗം പി.വി.അബ്ദുൽ വഹാബ്, മുൻ മന്ത്രി സി.ടി.അഹമ്മദലി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, എ.കെ.എം.അഷ്‌റഫ് എംഎൽഎ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ, കുഞ്ഞാമു എരിയാൽ, ജലീൽ എരുതുംകടവ്, മുജീബ് കമ്പാർ എന്നിവരും എംപിയോടൊപ്പമുള്ള സംഘത്തിൽ ഉണ്ടായിരുന്നു.
മഞ്ചേശ്വരം മണ്ഡലത്തിലെ കൈക്കമ്പ, പെർവാഡ്, മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപം എന്നിവിടങ്ങളിൽ അണ്ടർ പാസേജ് അനുവദിക്കുക, ഉപ്പളയിലെ ഫ്ലൈ ഓവർ ബ്രിജ് 200 മീറ്ററിൽ നിന്ന് 500 മീറ്ററാക്കി വർധിപ്പിച്ച് പില്ലർ ഉപയോഗിച്ച് നിർമിക്കുക, ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ പാലങ്ങൾ വരെ സർവീസ് റോഡുകൾ നിർമിക്കുക. ഉപ്പള, ഷിറിയ, മൊഗ്രാൽ പഴയ പാലങ്ങൾ പൂർണമായും പൊളിച്ചു മാറ്റി പുതിയ പാലങ്ങൾ നിർമിക്കുക, ഉപ്പള ഗേറ്റിൽ അണ്ടർ പാസേജ് വീതി കൂട്ടി നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചതായി എ.കെ.എം.അഷറഫ് എംഎൽഎ അറിയിച്ചു.
കാസർകോട് മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളായ നായന്മാർമൂല മേൽപാലം, എരിയാൽ അണ്ടർ പാസേജ്, ബേവിഞ്ച സർവീസ് റോഡ്, അണ്ടർ പാസേജ് തുടങ്ങിയ വിഷയങ്ങളും എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ നിർദേശപ്രകാരം കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.