ADVERTISEMENT

കാഞ്ഞങ്ങാട്∙ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തിൽ നിന്നു സ്വർണമാലകൾ കവർച്ച നടത്തുന്ന സംഘം പൊലീസ് പിടിയിലായി. പാലക്കുന്ന് വെടിത്തറക്കാലിലെ എച്ച്.എം.മുഹമ്മദ് ഇജാസ് (24), പാക്കം ചെർക്കാപ്പാറ ഇബ്രാഹിം ബാദുഷ (25), കൂട്ടാളി കുണിയയിലെ അബ്ദുൽ‍ നാസർ (24) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 10ന് മടിക്കൈ ചതുരക്കിണറിൽ മടിക്കൈ സഹകരണ ബാങ്ക് സായാഹ്ന ശാഖയ്ക്ക് സമീപത്ത് കട നടത്തുന്ന സി.പി.സുരേഷ് കുമാറിന്റെ ഭാര്യ വി.വി.ബേബിയുടെ കഴുത്തിൽ നിന്ന് 3 പവന്റെ മാല തട്ടിയെടുത്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്. വെള്ളം ആവശ്യപ്പെട്ട് കടയിൽ എത്തിയ ഇവർ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ഇവർ പൊലീസിനെ വിവരം അറിയിച്ചു.  

പ്രതികളെ പിടികൂടിയ പൊലീസ് സംഘം.
പ്രതികളെ പിടികൂടിയ പൊലീസ് സംഘം.

പ്രതികളിലേക്ക് വഴികാട്ടിയായി സിസിടിവി 

മോഷണം നടന്ന ഉടൻ തന്നെ പൊലീസിന് വിവരം ലഭിച്ചത് അന്വേഷണത്തിന് ഏറെ തുണയായി. ഉടൻ തന്നെ കാഞ്ഞങ്ങാട് ഡിവൈഎസ്പി: പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ്ഐ രാജീവൻ, എഎസ്ഐ അബൂബക്കർ കല്ലായി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, ഷൈജു മോഹൻ, സിവിൽ പൊലീസ് ഓഫിസർമാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്, പ്രണവ് എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഘത്തിൽ പെട്ട അംഗങ്ങൾ ജില്ലയിലെ ചെറുവത്തൂർ മുതൽ തളങ്കര വരെയുള്ള ഭാഗങ്ങളിലെ സിസിടിവി ക്യാമറകളും സമാന കേസുകളിൽ സംശയിക്കുന്ന ആളുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ 480ൽ അധികം സിസിടിവി ക്യാമറകളും സംഘം പരിശോധിച്ചു.  രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്ഥാപിച്ച സിസിടിവി ക്യാമറകളാണ് സംഘം പരിശോധിച്ചത്. സംഭവം നടന്നു പത്തു ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞതും നേട്ടമായി.

പ്രതികളെ പിടികൂടിയതറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ ബേബി.
പ്രതികളെ പിടികൂടിയതറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ ബേബി.

കുടുങ്ങിയത് ഒട്ടേറെ കേസുകളിലെ പ്രതികൾ

പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ സ്വർണ മാല കവർന്ന മറ്റു മൂന്നു കേസുകളിൽ കൂടി ഇവർ പ്രതികളാണെന്ന് വ്യക്തമായി. മൂന്ന് കേസുകളും ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.  ഫെബ്രുവരി 2ന് കരുവിഞ്ചിയത്ത് റോഡിൽ കൂടി നടന്നു പോകുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസ്, മാർച്ച് 26ന് ബന്തടുക്ക പടുപ്പ് എന്ന സ്ഥലത്തു ആയുർവേദ മരുന്ന് കടയുടെ അകത്തു കയറി സ്ത്രീയുടെ മാല പൊട്ടിച്ച കേസ്, ഓഗസ്റ്റ് 6ന് ചേരിപ്പാടി നാഗത്തിങ്കാൽ എന്ന സ്ഥലത്തു നടന്ന മാല പൊട്ടിക്കൽ കേസ് എന്നിവയിലും ഇവർ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു.  

മംഗളൂരു കങ്കനാടി പൊലീസ് സ്റ്റേഷൻ, ബന്ദർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന മൂന്ന് ബൈക്ക് മോഷണക്കേസുകളിലും ഇവർ പ്രതിയാണ്. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണത്തിനു പിന്നിലും ഇവരാണെന്ന് തെളിഞ്ഞു. 17–ാം വയസ്സിൽ മോഷണം തുടങ്ങിയ മുഹമ്മദ് ഇജാസിന്റെ പേരിൽ എറണാകുളം, കോഴിക്കോട്, കണ്ണൂർ,  കാസർകോട് ജില്ലകളിൽ ആയി ലഹരിമരുന്ന് വിതരണം ഉൾപ്പെടെ ആറു കേസുകൾ ഉണ്ട്. 17–ാം വയസ്സിൽ തന്നെ മോഷണം തുടങ്ങിയ ഇബ്രാഹിം ബാദുഷയുടെ പേരിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ കൂടാതെ കർണാടകയിലെ മംഗളൂരു എന്നിവിടങ്ങളിൽ ആയി 12 മോഷണ കേസുകളും ഉണ്ട്.

മോഷണ രീതികൾ

ബൈക്കിൽ എത്തി പിന്നിൽ നിന്നു മാല പൊട്ടിക്കുന്ന രീതിയല്ല പ്രതികളുടെത്. ബൈക്ക് നിർത്തി ഒരാൾ മോഷണം നടത്താൻ ലക്ഷ്യമിട്ട ആളുടെ അടുത്തെത്തും. ഇവരുടെ കഴുത്തിൽ നിന്നു മാല ഊരിയെടുത്ത് രക്ഷപ്പെടും. ഈ സമയത്ത് കൂടെ ഉള്ള ആൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു നിർത്തും. കവർന്ന മാലയും കൊണ്ട് രണ്ടു പേരും ബൈക്കിൽ രക്ഷപ്പെടും. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു മോഷ്ടിച്ച ബൈക്കാണ് ചതുരക്കിണറിലെ മോഷണത്തിന് സംഘം ഉപയോഗിച്ചത്. 

‘തൊണ്ടി മുതൽ വേഗത്തിൽ കണ്ടെത്തും’

വിറ്റ സ്വർണാഭരണങ്ങൾ വേഗത്തിൽ കണ്ടെത്തുമെന്ന് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു. തുടരന്വേഷണത്തിൽ മാത്രമേ എവിടെയാണ് സ്വർണം വിൽപന നടത്തിയത് തുടങ്ങിയ കാര്യങ്ങൾ പുറത്തു വരൂ എന്നും അദ്ദേഹം പറഞ്ഞു. 3 മാസത്തിനിടെ നടന്ന മാല മോഷണക്കേസുകളിൽ 90 ശതമാനം കേസുകളും തെളിയിക്കാൻ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പൊലീസിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഞെട്ടൽ മാറാതെ ബേബി

കഴുത്തിൽ നിന്നു താലി മാല ഊരിയെടുത്ത് പോയതിന്റെ  ഞെട്ടൽ ഇനിയും ബേബിക്ക് മാറിയിട്ടില്ല. കഴിഞ്ഞ 10ന് രാവിലെ 10.30ന് ആണ് സംഭവം. ഭർത്താവ് സിപി.സുരേഷ് കുമാർ പതിവായി ഈ നേരത്താണ് ഭക്ഷണം കഴിക്കാനായി പോകുന്നത്. ഈ നേരത്ത് ബേബിയാണ് കടയിൽ നിൽക്കുന്നത്. സംഭവത്തെക്കുറിച്ച് ബേബി പറയുന്നതിങ്ങനെ: കുപ്പി വെള്ളം ചോദിച്ചാണ് പ്രതികളിൽ ഒരാളായ ഇബ്രാഹിം ബാദുഷ‍ കടയിൽ എത്തിയത്. വെള്ളം നൽകുന്നതിനിടെ ഇയാൾ തന്റെ കഴുത്തിലെ മാലയിൽ പിടികൂടി. പിന്നെ ഊരിയെടുക്കാൻ ആയി ശ്രമം. പ്രതിയുടെ കയ്യിൽ ഞാൻ ശക്തമായി പിടികൂടി. എന്നാൽ ബലം പ്രയോഗിച്ച് ഇയാൾ മാല പൊട്ടിച്ചെടുത്തു. മാലയുടെ ഒരു കഷണം തന്റെ കയ്യിലും കുടുങ്ങി. ഇജാസ് ഈ സമയത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ഇതിനാൽ എന്റെ ശബ്ദം മറ്റാരും കേട്ടില്ല. മോഷ്ടിച്ച മാലയും കൊണ്ട് ബൈക്കിൽ ഇരുവരും വേഗത്തിൽ രക്ഷപ്പെടുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT