ഇരുട്ടുപുതച്ച് നാരംപാടി; തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് ദുരിതം

Mail This Article
നാരംപാടി∙ നാരംപാടിയിൽ തെരുവു വിളക്കുകൾ പ്രകാശിക്കാത്തത് ദുരിതമായി. മാവിനക്കട്ട, ആറാട്ടും കടവ്, പുണ്ടൂർ, എപി സർക്കിൾ, നാരംപാടി എന്നിവിടങ്ങളിലാണ് തെരുവുവിളക്കുകൾ പ്രകാശിക്കാത്തത്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഈ വാർഡിലെ 200 ഓളം ബൾബുകൾ പ്രകാശിക്കുന്നില്ല. രാത്രിയിൽ കാൽനടയാത്രക്കാർക്കും പ്രദേശവാസികൾക്കും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.പ്രധാന ജംക്‌ഷനായ നാരംപാടി ടൗണിലെ സർക്കിളിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാത്തതിനാൽ ഇവിടെ എത്തുന്നവരും ദുരിതത്തിലായി. കുമ്പള മുള്ളേരിയ റോഡിലെ പ്രധാന ജംക്‌ഷനാണിത്.
ക്ഷേത്രം, മസ്ജിദ്, ചർച്ച് എന്നിവയുള്ള ഇവിടെ ഒട്ടേറെ യാത്രക്കാർ എത്തുന്നു. പുണ്ടുർ, മാർപ്പിനടുക്ക, ഏത്തടുക്ക എന്നിവിടങ്ങളിലേക്ക് ഈ ജംക്‌ഷനിൽ നിന്നാണ് യാത്രക്കാർ പോകുന്നത്. തെരുവുവിളക്കുകളില്ലാതെ ഇരുട്ടായതിനാൽ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവുമുണ്ട്. മദ്രസ വിദ്യാർഥികളും ദുരിതത്തിലാണ്. വിളക്കു സ്ഥാപിച്ച കമ്പനിയുടെ അറ്റകുറ്റപ്പണി നടത്തേണ്ട കാലാവധി കഴിഞ്ഞതിനാൽ ചെങ്കള പഞ്ചായത്താണ് ഫണ്ട് നീക്കിവെച്ച് പ്രവൃത്തി നടത്തേണ്ടത്. ഇതിനുള്ള നടപടികളൊന്നുമായിട്ടില്ലെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.