തൈക്കടപ്പുറത്ത് സംഘർഷം; 8 പേർക്ക് പരുക്ക്

Mail This Article
നീലേശ്വരം∙ തൈക്കടപ്പുറത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 8 പേർക്ക് പരുക്കേറ്റു; 22 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസ് എടുത്തു. അഴിത്തല ബദർ ജുമാ മസ്ജിദിനു സമീപം ഉണ്ടായ സംഘർഷത്തിൽ ഹരീഷ്, ഷബിൻ, ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ്, തേജ്, ടി.കെ.ഫർഹാൻ, മുഹമ്മദ് അഫ്ത്താബ്, മുഹമ്മദ് നസീബ്, മുഹമ്മദ് സിനാൻ എന്നിവർക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും പടന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫർഹാന്റെ പരാതിയിൽ ഹരീഷ്,ഷബി,ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ് ,തേജ് തുടങ്ങി കണ്ടാൽ അറിയുന്ന മറ്റു പത്തുപേർക്കുമെതിരെ കേസ് എടുത്തു. അഭിരാജിന്റെ പരാതിയിൽ ടി.കെ. ഫർഹാൻ, മഹമൂദ്, മുജീബ്, നസീബ്, സിനാൻ , മുസ്താഫ്, മുബഷീർ, അഫ്രീദ്, അർഷദ്, ഷെറീഫ്, അഫ്ത്താബ്, എന്നിവർക്കെതിരെയും കേസ് ഉണ്ട്.
പള്ളിക്കു സമീപം പൊതു റോഡ് അരികിൽ തോരണം കെട്ടുന്നതിനിടെ ബൈക്കിൽ സംഘടിച്ചെത്തിയവർ കത്തി, മരവടി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഫർഹാനും കൂടെയുള്ളവരും പറഞ്ഞു. ബൈക്കിൽ പോവുകയായിരുന്ന തന്നെയും സുഹൃത്തിനേയും തൈക്കടപ്പുറം ഫ്രൈഡേ ക്ലബ്ബിന് മുൻവശം തടഞ്ഞു നിർത്തി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു അഭിരാജ് പറയുന്നു. ഇത് കണ്ട് സ്ഥലത്തെത്തിയ സുഹൃത്തുക്കളായ മറ്റുള്ളവരെയും ബൈക്ക് തടഞ്ഞു നിർത്തി ആക്രമിക്കുകയും വാഹനങ്ങൾക്ക് കേട് വരുത്തുകയായിരുന്നുവെന്നും പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് അഴിത്തലയിൽ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ ഇരുവിഭാഗവും തമ്മിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു പിന്നീട് നാട്ടുകാർ ഇടപെട്ട് മേലിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന ഉറപ്പിൽ പരിഹരിച്ച വിഷയമാണ് കയ്യാങ്കളിയിലെത്തിയത്.