ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫിസിൽ വിജിലൻസ് പരിശോധന
Mail This Article
ചിറ്റാരിക്കാൽ∙ ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫിസിൽ വിജിലൻസ് പരിശോധന. ഇന്നലെ രാവിലെ 11 മണിയോടെയാണ് വിജിലൻസ് ഇൻസ്‌പെക്ടർ സുനിമോന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘം പഞ്ചായത്ത് ഓഫിസിൽ പരിശോധനയ്ക്ക് എത്തിയത്. 2 മണിവരെ പരിശോധന തുടർന്നു. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ ഇതേക്കുറിച്ച് അന്വേഷണ സംഘം പ്രതികരിച്ചില്ല. പട്ടികവർഗ വികസന ഫണ്ട് ഉപയോഗം സംബന്ധിച്ച് കമ്പല്ലൂരിലെ പൊതുപ്രവർത്തകനായ പി.രവീന്ദ്രൻ നൽകിയ പരാതിയെ തുടർന്നാണ് ഈസ്റ്റ് എളേരി പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തിയത്.
2012–2013 വർഷം പഞ്ചായത്തിലെ ചേറങ്കല്ല്–കുണ്ടാരം–കുളിനീർ കോളനി റോഡ് ടാറിങ് നടത്താൻ എസ്ടി കോർപ്പസ് ഫണ്ടിൽ നിന്നു 92 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പിൽ അപേക്ഷ നൽകിയ രവീന്ദ്രന്, അനുവദിച്ച തുകയുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിൽനിന്നും ലഭിച്ചത്. ഇതേത്തുടർന്നാണ് രവീന്ദ്രൻ വിജിലൻസിൽ പരാതി നൽകിയത്.
അതേസമയം രാഷ്ട്രീയ പകപോക്കലിനുവേണ്ടി പ്രവർത്തിക്കുന്ന ചില വിവരാവകാശ പ്രവർത്തകരാണ് വിജിലൻസ് അന്വേഷണത്തിന്റെ പിന്നിലുള്ളതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ പറഞ്ഞു. കഴിഞ്ഞ 13 വർഷത്തിനുള്ളിൽ കൂട്ടക്കുഴി മുതൽ പാവൽ വരെയുള്ള പഞ്ചായത്തിലെ എല്ലാ കോളനി റോഡുകളും ടാർചെയ്തു ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. മുൻ ഭരണസമിതി ആത്മാർഥമായി നടത്തിയ വികസന പ്രവർത്തനങ്ങളെ താറടിച്ചു കാണിക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്നും ജയിംസ് പന്തമ്മാക്കൽ ആരോപിച്ചു.