വഴി ഒന്നു നന്നാക്കുമോ സാറേ, അങ്കണവാടിയിൽ പോകാനാ...

Mail This Article
കള്ളാർ∙ മഴയിൽ തകർന്ന മൺ റോഡിലൂടെയും, കൈവരികൾ തകർന്ന പാലത്തിലൂടെയും അങ്കണവാടിയിലേക്കുള്ള കുരുന്നുകളുടെ യാത്ര ദുരിതപൂർണം. കള്ളാർ പഞ്ചായത്തിലെ അഞ്ചാലയിൽ നിന്നും പൊടിപ്പളം അങ്കണവാടിക്ക് സമീപത്തുകൂടി പോകുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. അഞ്ചാലയിൽ നിന്നു കുറച്ച് ദൂരം നേരത്തെ ടാറിങ് നടത്തിയിരുന്നു. ബാക്കി ഭാഗമാണ് അവഗണനയിൽ തുടരുന്നത്. മഴ വെള്ളം റോഡിലൂടെ കുത്തിയൊലിച്ച് റോഡിൽ വലിയ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്.
പഞ്ചായത്ത് അനാസ്ഥ മൂലം കുട്ടികളും മറ്റു യാത്രക്കാരും വർഷങ്ങളായി ദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. അങ്കണവാടിക്ക് മുന്നിലെ തോടിന് കുറുകെയുള്ള പാലത്തിന്റെ കൈവരികൾ തകർന്ന നിലയിലാണ്. യാത്രയിൽ രക്ഷിതാക്കളുടെ കണ്ണൊന്ന് തെറ്റിയാൽ കുട്ടികൾ അപകടത്തിൽ പെടും. റോഡ് പൊളിഞ്ഞതിനാൽ ഓട്ടോറിക്ഷകളും പോകാൻ മടിക്കുന്നു. റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.