ക്യാമറക്കണ്ണിൽ പുലി കുടുങ്ങിയില്ല; 2 ദിവസം കഴിഞ്ഞിട്ടും ചിത്രങ്ങൾ ലഭിച്ചില്ലെങ്കിൽ മറ്റു സ്ഥലങ്ങളിലേക്കു ക്യാമറ മാറ്റിയേക്കാം

Mail This Article
ഇരിയണ്ണി ∙ പുലിയിറങ്ങിയെന്ന സംശയത്തെ തുടർന്നു വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ആദ്യ ദിവസം ചിത്രങ്ങളൊന്നും പതിഞ്ഞില്ല. ഇരിയണ്ണി-പേരടുക്കം റോഡിൽ നിന്നു 50 മീറ്ററോളം മാറിയാണ് വനത്തിനുള്ളിൽ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. 2 ദിവസം കഴിഞ്ഞിട്ടും ചിത്രങ്ങൾ ലഭിച്ചില്ലെങ്കിൽ മറ്റു സ്ഥലങ്ങളിലേക്കു ക്യാമറ മാറ്റി സ്ഥാപിച്ചേക്കും. ഒരു ക്യാമറയാണ് ഇപ്പോൾവച്ചത്. കൂടുതൽ ക്യാമറ സ്ഥാപിക്കുന്ന കാര്യവും അധികൃതർ ആലോചിക്കുന്നു.
ഈ മാസം 17 നാണ് ഇരിയണ്ണിയിൽ ആദ്യമായി പുലിയെ കണ്ടെന്ന അഭ്യൂഹം പരക്കുന്നത്. കാർയാത്രക്കാരായ 2 പേർ പുലിയെ കണ്ടെന്നു പറയുമ്പോഴും അതു പുലിയായിരിക്കില്ലെന്നും അതിനോടു സാമ്യമുള്ള കാട്ടുപൂച്ച വർഗത്തിൽപെട്ട ഏതെങ്കിലും മൃഗം ആയിരിക്കാമെന്നുമാണ് വനംവകുപ്പ് പറയുന്നത്. തുടർന്നും പലതവണ യാത്രക്കാർ ഇതിനെ കണ്ടതോടെയാണ് ഏതു മൃഗമാണെന്നു ഉറപ്പിക്കാൻ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്. പുലിയാണെന്നു വ്യക്തമായാൽ, കൂടുവച്ച് പിടികൂടാനാണ് അധികൃതർ ആലോചിക്കുന്നത്.