ശസ്ത്രക്രിയയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട കേസ്: ജപ്തിചെയ്ത ജീപ്പ് നഷ്ടപരിഹാരത്തിന് മതിയാകില്ലെന്ന് റിപ്പോർട്ട്

Mail This Article
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയെത്തുടർന്ന് വീട്ടമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസിൽ നഷ്ടപരിഹാരം ഈടാക്കാനായി കോടതി ജപ്തി ചെയ്ത വാഹനത്തിന്റെ മൂല്യനിർണയം നടത്തി. വാഹനത്തിന് മോട്ടർ വാഹന വകുപ്പ് 6 ലക്ഷം രൂപയാണ് മൂല്യം നിർണയിച്ചത്.
പലിശയടക്കം 8 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നൽകേണ്ടത്. ഈ തുക ജീപ്പ് വിറ്റാൽ ലഭിക്കില്ലെന്ന് ഉറപ്പായി. ചെറുവത്തൂർ കാടങ്കോട്ടെ മല്ലക്കര കമലാക്ഷിയുടെ ഹർജിയിലാണ് ഹൊസ്ദുർഗ് സബ് കോടതി ആർഡിഒയുടെ KL14X 5261 നമ്പർ ജീപ്പ് ജപ്തി ചെയ്തത്. വാഹനത്തിന്റെ മൂല്യം നിർണയിച്ച് 25ന് റിപ്പോർട്ട് നൽകാൻ മോട്ടർ വാഹന വകുപ്പിനു കോടതി നിർദേശം നൽകിയിരുന്നു.
ഈ കേസിൽ നേരത്തേ ആരോഗ്യ വകുപ്പിന്റെ ജീപ്പ് ജപ്തി ചെയ്തിരുന്നു. 19 വർഷവും 4 മാസവും പഴക്കമുള്ള വാഹനം വേണ്ടെന്ന ഹർജിക്കാരിയുടെ വാദം അംഗീകരിച്ചാണ് മറ്റൊരു സർക്കാർ വാഹനം എന്ന നിലയിൽ ആർഡിഒയുടെ ജീപ്പ് ജപ്തി ചെയ്യാൻ ഹൊസ്ദുർഗ് സബ് ജഡ്ജി എം.സി.ബിജു ഉത്തരവിട്ടത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local