വന്യമൃഗശല്യം തടയാൻ: ബെള്ളൂരിൽ 12 കിമീ ദൂരത്തിൽ സോളർ വേലി നിർമിക്കും

Mail This Article
ബെള്ളൂർ ∙ വന്യമൃഗശല്യം തടയാൻ ബെള്ളൂർ പഞ്ചായത്തിലും സൗരോർജ വേലി നിർമിക്കുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർകെവിവൈ)യിൽ അനുവദിച്ച 37 ലക്ഷം രൂപ ചെലവിലാണ് വേലി നിർമിക്കുന്നത്. വാണിനഗർ വനാതിർത്തിയിലെ മുള്ളക്കൊച്ചി മുതൽ ഹർഥികൂടലു വരെയുള്ള 12 കിമീ ദൂരത്തിലാണ് വേലി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. കാട്ടാനകൾ എത്തിയിട്ടില്ലെങ്കിലും പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലകളായ ഈ പ്രദേശങ്ങളിൽ കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ ശല്യം വ്യാപകമാണ്.
കാട്ടുപോത്തുകൾ കൂട്ടങ്ങളായി ഇറങ്ങി വൻതോതിൽ നെൽകൃഷി നശിപ്പിക്കുന്നതു പതിവു സംഭവമാണ്. കാട്ടുപന്നികളുടെ ആക്രമണം കൂടിയാകുമ്പോൾ കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ. നെൽകൃഷി പകുതിയിലേറെ ഇതുകാരണം കുറയുകയും ചെയ്തു. തനതു വരുമാനത്തിൽ ജില്ലയിൽ ഏറെ പിന്നിലായ ബെള്ളൂർ പഞ്ചായത്തിനു സ്വന്തമായി വേലി നിർമിക്കാൻ പണം കണ്ടെത്താനും സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്റെ നേതൃത്വത്തിൽ ആർകെവിവൈ പദ്ധതിയിൽ അപേക്ഷ നൽകാൻ തീരുമാനിച്ചത്.
കൃഷി എക്സിക്യൂട്ടീവ് എൻജിനീയർ എസ്റ്റിമേറ്റ് തയാറാക്കിയ ശേഷം അനുമതി വാങ്ങി ടെൻഡർ നടപടികളിലേക്കു കടക്കും. വേലി നിർമാണം ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്റെ അധ്യക്ഷതയിൽ കുളദപ്പാറയിൽ യോഗം ചേർന്നു.കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി പദ്ധതി വിശദീകരിച്ചു. കൃഷി അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.ഭാസ്കരൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എൻ.രമേശൻ,കൃഷി ഓഫിസർ ബി.ഗീരീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ചന്ദ്രശേഖര റൈ, കൃഷി അസിസ്റ്റന്റ് കെ.പ്രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.