ചെർക്കള–കല്ലടുക്ക സംസ്ഥാനാന്തര പാത ചോര ചിന്തും പാത

Mail This Article
ബദിയടുക്ക ∙ തിങ്കളാഴ്ച വാഹനാപകടത്തിൽ 5 പേർ മരിച്ച ചെർക്കള–കല്ലടുക്ക സംസ്ഥാനാന്തരപാതയിൽ ഇന്നലെ വീണ്ടും അപകടമരണമുണ്ടായത് നടുക്കുന്ന വാർത്തയായി. ആദ്യ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപ ആയിരുന്നു രണ്ടാമത്തെ അപകടം.
നവീകരണം പൂർത്തിയാകാത്തത് ദുരിതം
ചെർക്കള–കല്ലടുക്ക സംസ്ഥാനാന്തര പാതയുടെ നവീകരണം പകുതിവഴിയിൽ മുടങ്ങിയതോടെയാണ് ഇത് വഴിയുളള യാത്രാ ക്ലേശവും അപകടങ്ങളും പതിവായത്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ഈ 29 കിലോമീറ്റർ പാതയിൽ കാസർകോട് മണ്ഡലത്തിലെ 19 കിലോമീറ്റർ റോഡിന്റെ രണ്ടാം ഘട്ട ടാറിങ്ങാണ് കരാറുകാരൻ ഒഴിവായതോടെ നവീകരിക്കാതെ കിടക്കുന്നത്.
19 കിലോമീറ്റർ കാസർകോട് നിയോജക മണ്ഡലത്തിലും 10 കിലോമീറ്റർ മഞ്ചേശ്വരം മണ്ഡലത്തിലുമാണ്. കാസർകോട് മണ്ഡലത്തിലെ പള്ളത്തടുക്കയിലാണ് തിങ്കളാഴ്ച അപകടം നടന്നത്. ഇന്നലെ അപകടം നടന്നത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ റോഡ് വികസനം പൂർത്തിയായതാണ്. കാസർകോട് മണ്ഡലത്തിലേതു പാതി വഴിയിലാണ്. ഇതു കാരണം ഇവിടെ അപകടം പതിവാണ്.
തിരക്കുള്ള റോഡ്, നിറയെ കുഴികൾ
കാസർകോട് നിന്ന് അഡ്ക്കസ്ഥലയിലൂടെ കർണാടകയിലെ വിട്ള പൂത്തൂർ, ബെംഗളൂരു ഭാഗങ്ങളിലക്ക് പോകുന്ന റോഡാണിത്. ചെർക്കള മുതൽ ഉക്കിനടുക്ക വരെയുള്ള റോഡ് ഭാഗത്ത് എടനീർ, എതിർത്തോട്, നെല്ലിക്കട്ട, നെക്രാജെ, ചെർളടുക്ക, കെടഞ്ചി, കരിമ്പില, പള്ളത്തടുക്ക എന്നിവിടങ്ങളിലെല്ലാം ചെറുതും വലുതുമായ കുഴികളാണ്.
റീ ടെൻഡർ ചെയ്തിട്ടും ഏറ്റെടുക്കാൻ ആളില്ല
2018 ജൂലൈ 12ന് ടെൻഡറായ റോഡ് 2018 ഒക്ടോബർ 10നാണ് കരാറായത്. 35.68 കോടി രൂപയായിരുന്നു കരാർ തുക. 27.87 കോടി രൂപയുടെ ബില്ലാണ് കരാറുകാരന് കൈമാറിയത്. 78 ശതമാനം പ്രവൃത്തി പൂർത്തിയാവുകയും ചെയ്തു. 2019ന് ഒക്ടോബർ 24നാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ കരാറുകാരൻ പ്രവൃത്തി തുടരാൻ തയാറല്ലെന്നു പറഞ്ഞ് ഒഴിക്കുകയാണുണ്ടായത്. റോഡ് പ്രവൃത്തി മുടങ്ങിയതിനെതിരെ സമരങ്ങൾ നടന്നു.
രണ്ടാംഘട്ട പ്രവൃത്തി നടക്കാത്തതിനാൽ മേൽ ഭാഗത്തെ ജല്ലി ഇളകി റോഡിന്റെ ഉപരിതലം നശിച്ചിട്ടുണ്ട്. ഉടനെ പ്രവൃത്തി നടത്തിയില്ലെങ്കിൽ റോഡാകെ തകരും. പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ട് ഈയിടെ റീ ടെൻഡർ ചെയ്തെങ്കിലും പണി ഏറ്റെടുക്കാൻ ആളുണ്ടായില്ല. വളവും ഇറക്കവുമുള്ള റോഡിൽ ടാറിങ് പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നു. മാത്രമല്ല, ഇവിടെയൊന്നും റോഡിന്റെ മധ്യഭാഗം വേർതിരിക്കുന്ന മാർക്കിങും നടത്തിയിട്ടില്ല. ഇതെല്ലാം അപകടങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

ബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു
പെർള ∙ വാഹനാപകടത്തിൽ 5 പേർ മരിച്ച ചെർക്കള–കല്ലടുക്ക സംസ്ഥാനാന്തരപാതയിൽ ബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു. മണിയംപാറ പജ്യാനയിലെ പി.എ.മുസ്തഫയാണ് (45) മരിച്ചത്. കർണാടക വിട്ളയിൽനിന്നു പെർള ഭാഗത്തേക്ക് വന്ന കർണാടക ആർടിസി ബസ് വാനിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.
വാനിന്റെ അടിയിൽപെട്ടാണ് മുസ്തഫ മരിച്ചത്. കൂടെയുണ്ടായിരുന്ന രാമചന്ദ്രന് പരുക്കേറ്റു. ഭാര്യ താഹിറ. മക്കൾ: ഷാഹിന, മുർസീന, ഷംന, മുബീന, സവാദ്, സഅദ്, റഷീദ്. സഹോദരങ്ങൾ: സുഹ്റ, സമീറ, സുബൈർ, അസീസ്, അഷ്റഫ്. മരുമകൻ സബീർ.