ADVERTISEMENT

കാസർകോട് ∙ ബദിയടുക്ക പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മരിച്ച സഹോദരിമാർ ഉൾപ്പെടെ 5 പേരുടെ മൃതദേഹം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ വിവിധ മസ്ജിദുകളിലെ കബർസ്ഥാനിൽ കബറടക്കി. സഹോദരിമാരായ മൊഗ്രാൽപുത്തൂർ കടവത്ത് ദെടുപ്പയിലെ ഉമ്മാലിമ്മ (55), നോർത്ത് ബെള്ളൂരിലെ നബീസ (50), മൊഗറിലെ ബീഫാത്തിമ(58), ഇവരുടെ പിതാവിന്റെ സഹോദരന്റെ ഭാര്യ ബീഫാത്തിമ (60), ഓട്ടോറിക്ഷ ഡ്രൈവർ മൊഗറിലെ എ.എസ്.അബ്ദുൽറൗഫ് (64) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട കടവത്ത്, മൊഗർ സ്വദേശികളായ നാലു പേരും രണ്ടാം വാർഡിലെ ബെള്ളൂരിലെ ഒരാളുമാണ് അപകടത്തി‍ൽ മരിച്ചവർ. രാത്രി ഒരു മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു കൈമാറുമ്പോഴേക്കും ഇന്നലെ പുലർച്ചെ മൂന്നുമണിയായിരുന്നു. തുടർന്നു അന്ത്യകർമങ്ങൾക്കായി കാസർകോട് മാലിക്ദീനാർ വലിയ ജുമാമസ്ജിദ് പള്ളിയിലെത്തിച്ചതിനു ശേഷം നാലോടെ വീടുകളിലേക്ക് കൊണ്ടു പോയി.

വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഈ സമയം വരെ ആശുപത്രികളിലും പള്ളികളിലുമായി ഉണ്ടായിരുന്നു. അഞ്ചു പേരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിക്കുമ്പോഴേക്കും ഒരു നോക്കു കാണുവാനായി വീടുകളിലും പരിസരത്തുമായി ഉറക്കമൊഴിച്ച് നൂറുകണക്കിനാളുകൾ കാത്തിരിക്കുകയായിരുന്നു. മരിച്ചവരിൽ ചിലരുടെ മക്കളും മരുമക്കളും ഉൾപ്പെടെ ഗൾഫിലുള്ള ബന്ധുക്കൾ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു.

 മരണത്തിൽ ആദരസൂചകമായി മൊഗ്രാൽപുത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിനു ഇന്നലെ അവധി നൽകിയിരുന്നു. ടൗണിൽ ഹർത്താൽ ആചരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ മൊഗറിലെ താമസക്കാരനായ എ.എസ്.അബ്ദുൽറൗഫിന്റെ മയ്യത്ത് മൊഗർ പള്ളിയിലെ പ്രാ‍ർഥനയ്ക്കു ശേഷം തായലങ്ങാടി ഖിളർ ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കി.ഷേയ്ഖലിയുടെ ഭാര്യ ബീഫാത്തിമയുടെ മയ്യത്ത് കോട്ടക്കുന്ന് ജുമാമസ്ജിദിലും സഹോദരിമാരായ ബീഫാത്തിമയുടെ മൊഗർ പള്ളിയിലും ഉമ്മാലിമ്മയുടെ മൊഗ്രാൽപുത്തൂർ ജുമാസ്ജിദിലും നബീസയുടെ ബെള്ളൂർ പള്ളിയിലുമാണ് മയ്യത്ത് കബറടക്കിയത്.

പോസ്റ്റ്മോർട്ടം രാത്രിയിലും; കോടതിവിധി തുണയായി

കാസർകോട്∙ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം രാത്രിയിലും നടത്തണമെന്ന കോടതി വിധി വാഹനാപകടത്തിൽ മരിച്ച 5 പേരുടെയും മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കു രാത്രി തന്നെ കൈമാറുന്നതിനു തുണയായി. ഒപ്പം പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെ കൂട്ടായ പ്രവർത്തനങ്ങൾ കാര്യങ്ങൾ എളുപ്പത്തിലാക്കി. 4 സ്ത്രീകളുൾപ്പെടെ 5 പേരുടെ മൃതദേഹങ്ങളാണ് രാത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തി ഇന്നലെ പുലർച്ചെ മൂന്നോടെ ബന്ധുക്കൾക്കു വിട്ടു കൊടുത്തത്.

രാത്രി എട്ടരയ്ക്കു ശേഷം തുടങ്ങിയ ഇൻക്വസ്റ്റ് നടപടികൾ ഒരു മണിവരെ നീണ്ടു. കാസർകോട് വനിത സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.ലീല, എസ്ഐമാരായ കെ.പി.വിനോദ്കുമാർ (ബദിയടുക്ക), വി.കെ.പ്രശാന്ത് (വിദ്യാനഗർ), പി.പി.അഖിൽ, (കാസർകോട്) സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ബിന്ദു (വനിത സ്റ്റേഷൻ) സിവിൽ പൊലീസ് ഓഫിസർമാരായ ടി.പ്രസീത (വിദ്യാനഗർ) കെ.ശ്രുതി (ബദിയടുക്ക) സി.സോണിയ (കാസർകോട് )എന്നിവരായിരുന്നു മൃതദേഹ പരിശോധന നടത്തിയത്.

ജനറൽ ആശുപത്രിയിലെ ഫൊറൻസിക് സർജൻ ഡോ.അംജിത്ത് ഇ.കുട്ടി, ആരോഗ്യവകുപ്പ് ജീവനക്കാരായ എ.രവീന്ദ്രൻ, വി.എസ്.ക്രിസ്റ്റഫർ, ബി.ബിപിൻരാജ്, വിജയദാസ് എന്നിവർ ചേർന്നാണു പോസ്റ്റുമോർട്ടം നടത്തിയത്. മുൻകാലങ്ങളിൽ വൈകിട്ട് 4 മണിക്കു ശേഷം ആശുപത്രികളിലെത്തുന്ന മൃതദേഹം അതേ ദിവസം പോസ്റ്റ്മോർട്ടം ചെയ്യുമായിരുന്നില്ല. ഇതു സംബന്ധിച്ച് ഒട്ടേറെ പ്രയാസങ്ങൾ എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ മുന്നിലെത്തിയപ്പോൾ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഒട്ടേറെ തവണ ഈ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. 

തുടർന്ന് 2015 ഒക്ടോബർ 26 ന് സംസ്ഥാനത്തെ 5 മെഡിക്കൽ കോളജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നു സർക്കാർ ഉത്തരവിട്ടു. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഒടുവിൽ 2021ഡിസംബർ 16നു കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം നടത്തണമെന്നും ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാകുന്ന പക്ഷം രാത്രികളിലും കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT