കടകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് പിടികൂടി

Mail This Article
നീലേശ്വരം ∙ നഗരസഭാ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 12 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി; 8000 രൂപ പിഴയീടാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാതല ഇന്റേണൽ വിജിലൻസ് വിഭാഗത്തിന്റെ പരിശോധനയിൽ നഗരസഭാ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നാണു നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തത്. റിയൽ സൂപ്പർ മാർക്കറ്റ്, ഇന്ത്യൻ റസ്റ്ററന്റ്, മോഡേൺ കൂൾബാർ, ബെസ്റ്റ് ബേക്കറി എന്നിവിടങ്ങളിൽ നിന്നാണു പ്ലാസ്റ്റിക് പിടികൂടിയതെന്നു അധികൃതർ അറിയിച്ചു.
വിജിലൻസ് ഓഫിസർ പി.വി.കെ.മഞ്ജുഷ, ജൂനിയർ സൂപ്രണ്ട് പി.വി.ഭാസ്കരൻ, എം.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം നീലേശ്വരം നഗരസഭ ക്ലീൻ സിറ്റി മാനേജർ എ.കെ.പ്രകാശൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.രചന എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ആദ്യ തവണയായതിനാൽ ചെറിയ പിഴയാണ് ഈടാക്കിയതെന്നും പരിശോധനകൾ വരുംദിവസങ്ങളിലും കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
ചെറുവത്തൂർ ∙ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാതല ഇന്റേണൽ വിജിലൻസ് വിഭാഗം കഴിഞ്ഞ ദിവസം പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 37,500 രൂപ പിഴ ഈടാക്കി. വിജിലൻസ് ഓഫിസർ പി.വി.കെ.മഞ്ജുഷ, ജൂനിയർ സൂപ്രണ്ട് പി.വി.ഭാസ്‌ക്കരൻ, എം.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.മധു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.വി.വിനയരാജ്, ക്ലാർക്ക് ദീപ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയ്ക്കാണ് പിഴ ചുമത്തിയത്.