യുദ്ധങ്ങളും പടയോട്ടങ്ങളും നടന്ന കാസർകോടൻ കോട്ടകളിൽ വിവാഹ മാമാങ്കം!
Mail This Article
കാസർകോട്∙ യുദ്ധങ്ങളുടെയും പടയോട്ടങ്ങളുടെയും കാലത്തിന്റെ ശേഷിപ്പുകളായി ജില്ലയിൽ അവശേഷിക്കുന്ന കോട്ടകളിൽ വിവാഹ മാമാങ്കങ്ങളും ജന്മദിന പാർട്ടികളും സ്വകാര്യ ചടങ്ങുകളും നടത്താൻ അനുവാദം നൽകിയാലോ? ഇത്തരമൊരു ആശയവുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി), സംസ്ഥാന ടൂറിസം വകുപ്പ്, പുരാവസ്തു വകുപ്പ് എന്നിവ കൈകോർക്കുന്ന പദ്ധതി പണിപ്പുരയിൽ.കോട്ടകൾ നവീകരിച്ച് മോടികൂട്ടിയ ശേഷം വിവാഹമടക്കമുള്ള സ്വകാര്യ പരിപാടികൾ നടത്താൻ നൽകുന്നതാണ് ആശയം. ഡിടിപിസി അധികൃതർ പദ്ധതിയുടെ സാധ്യത സംബന്ധിച്ച് പുരാവസ്തു വകുപ്പുമായും ടൂറിസം വകുപ്പുമായും ചർച്ച നടത്തിയിട്ടുണ്ട്.
ജയ്പുർ മാതൃക
രാജസ്ഥാനിലെ ജയ്പുരിലടക്കം പുരാവസ്തു മൂല്യമുള്ള കൊട്ടാരങ്ങളും കോട്ടകളും വിവിധ സ്വകാര്യ ചടങ്ങുകൾക്കായി നൽകുന്ന മാതൃകയാണ് ഇവിടെയും നടപ്പാക്കാൻ ആലോചിക്കുന്നത്. നിശ്ചിത തുക വാടക നിശ്ചയിച്ച് സ്വകാര്യ ചടങ്ങുകൾക്ക് കോട്ടകൾ നൽകും. പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാ പത്രം ഡിടിപിസിയും പുരാവസ്തു വകുപ്പും തയാറാക്കിയിട്ടുണ്ട്. തടസങ്ങളുണ്ടായില്ലെങ്കിൽ ഉടനെ ധാരണാ പത്രം ഒപ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷ.
ബേക്കൽ കോട്ട ഉൾപ്പെടില്ല
ബേക്കൽ കോട്ട കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. അതീവ സംരക്ഷിത പുരാവസ്തു ആയതിനാൽ ഇവിടെ പരിപാടികൾക്കും മേളകൾക്കും അനുമതിയില്ല. അതിനാൽ ബേക്കൽ ഒഴികെയുള്ള കോട്ടകളിലാണ് പദ്ധതി പരിഗണിക്കുന്നത്. ഡെസ്റ്റിനേഷൻ വെഡ്ഡിങി’ന്റെ ആകർഷണ കേന്ദ്രമായി ബേക്കൽ പ്രദേശം മാറുമ്പോൾ അതിനനുയോജ്യമായ രീതിയിൽ കോട്ടകളും വിവാഹ മാമാങ്കങ്ങൾക്ക് ഉപയോഗിക്കണമെന്ന നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. കടൽത്തീരത്തിന്റെ സാന്നിധ്യം കോട്ടകളിലെ വിവാഹങ്ങൾക്ക് ആകർഷണമേറ്റുമെന്നതാണ് പ്രത്യേകത.
സാധ്യതാ പഠനം നടത്തി
വിവിധ ഡെസ്റ്റിനേഷൻ വെഡിങ്, ഇവന്റ് മാനേജ്മെന്റ് സംരംഭകരുമായി പദ്ധതിയുടെ സാധ്യതാ പഠനം ഡിടിപിസി നടത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി കോട്ടകൾ നവീകരിച്ച് ആകർഷണീയമാക്കേണ്ടതുണ്ട്. ഇതിനുള്ള ഫണ്ട് കണ്ടെത്തേണ്ടി വരും. സ്വകാര്യ ചടങ്ങുകൾക്കു നൽകുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് കോട്ടകളുടെ നവീകരണവും സംരക്ഷണവും സാധ്യമാകും.
ആദ്യ പദ്ധതി ചന്ദ്രഗിരിക്കോട്ടയിൽ
കേരളത്തിൽ ഏറ്റവുമധികം കോട്ടകളുള്ള ജില്ലയാണ് കാസർകോട്. 20ലേറെ കോട്ടകൾ ഇവിടെ ഉണ്ടായിരുന്നു. ഹോസ്ദുർഗ് കോട്ട, ചന്ദ്രഗിരി കോട്ട, കുമ്പള ആരിക്കാടി, പൊവ്വൽ, കാസർകോട് എന്നിവയാണ് ഇതിൽ നശിക്കാതെ നിലനിൽക്കുന്നവ. ചിത്താരി, പനയാൽ, കുണ്ടംകുഴി, ബന്തടുക്ക, നീലേശ്വരം, മട്ട്‌ലായി തുടങ്ങി കാസർകോടുണ്ടായിരുന്ന കോട്ടകളിൽ പലതിന്റെയും അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോഴുള്ളു. ചന്ദ്രഗിരിപ്പുഴയും കടലും മനോഹരമായ കാഴ്ച ഒരുക്കുന്നതാണ് ചന്ദ്രഗിരി കോട്ട. വിവാഹ പാർട്ടികൾ അടക്കം ഇവിടെ നടത്തുന്നതു വലിയ ആകർഷമാവും. അതിനാൽ ആദ്യഘട്ടത്തിൽ ചന്ദ്രഗിരിക്കോട്ടയിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന.
ജില്ലയിലെ പ്രധാന കോട്ടകൾ
∙ കുമ്പള ആരിക്കാടി കോട്ട
തലപ്പാടി ദേശീയപാതയിൽ കുമ്പളയിൽ നിന്ന് 2 കിലോ മീറ്റർ ദൂരത്താണ് ആരിക്കാടി കോട്ട. ദേശീയ പാത പണിയിൽ കോട്ടയുടെ സ്ഥലത്തിന്റെ ഒരു ഭാഗം നഷ്ടമായി. 4 ഏക്കറിലാണ് അവശേഷിക്കുന്ന കോട്ട പരിസരം.
∙ ചന്ദ്രഗിരി
കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ മേൽപ്പറമ്പിൽ നിന്ന് അര കിലോ മീറ്റർ ദൂരം. കോട്ടയിൽ നിന്ന് നോക്കിയാൽ അറബിക്കടലും റെയിൽ പാളവും കടലും കാണാം.
∙ ഹൊസ്ദുർഗ് കോട്ട
പുതിയ കോട്ട ഹോമിയോ ജില്ലാ ആശുപത്രിക്ക് സമീപത്ത് കൂടിയുള്ള റോഡിലൂടെ പോയാൽ ഹൊസ്ദുർഗ് കോട്ടയിൽ എത്താം. കോട്ട പണിതത് 1714-1739 കാലഘട്ടത്തിലാണ്. കാടുകയറിയും ഇടിഞ്ഞും ഹൊസ്ദുർഗ് കോട്ട ഇപ്പോൾ നാശത്തിലേക്ക് നീങ്ങുകയാണ്.
∙ പൊവ്വൽ കോട്ട
പുരാവസ്തു വകുപ്പ് ലക്ഷങ്ങൾ മുടക്കി നവീകരിച്ച പൊവ്വൽ കോട്ട ഇപ്പോൾ കന്നുകാലികളുടെ മേച്ചിൽപ്പുറമാണ്. റോഡരികിൽ ‘പൊവ്വൽ കോട്ട’ എന്നു കണ്ട് ഇവിടെയെത്തുന്ന സഞ്ചാരികൾ നിരാശയോടെ മടങ്ങേണ്ട സ്ഥിതിയാണ്.
∙ കാസർകോട് കോട്ട
കാടുപിടിച്ചു കിടക്കുന്ന നിരീക്ഷണ ഗോപുരവും ഒന്നോ രണ്ടോ കൊത്തളങ്ങളും കുളവും ചേർന്നതാണ് കാസർകോട് കോട്ട. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കയ്യിലാണ് ഈ കോട്ടയും.
English Summary: Kasargod's Forts May Open Doors for Special Events