കാലവർഷം ഔദ്യോഗികമായി ഇന്നവസാനിക്കും; കൂടുതൽ മഴ കണ്ണൂരും കാസർകോട്ടും

Mail This Article
കാസർകോട് ∙ പെരുമഴയുടെ അകമ്പടിയോടെ കാലവർഷം ഔദ്യോഗികമായി ഇന്നവസാനിക്കും (30). ഇന്നലെ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്നലെ രാവിലെ ശക്തമായമഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
സെപ്റ്റംബറിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ വളരെ കൂടുതലാണ് ഇത്തവണ ലഭിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ 22% മഴ കുറവാണ്. ഇന്നു കൂടി ശക്തമായ മഴ ലഭിച്ചാൽ ആകെ സാധാരണ മഴ എന്ന കണക്കിലെത്തിയേക്കും. ശരാശരിയിൽ നിന്ന് 20% വരെയുള്ള വ്യത്യാസം സാധാരണ രീതിയിലാണു കണക്കാക്കുക. കാസർകോട്, കണ്ണൂർ ജില്ലകളിൽ 2000 മില്ലിമീറ്ററിലേറെ മഴ ലഭിച്ചു.
സംസ്ഥാനത്തെ മഴക്കുറവ് കാലവർഷത്തിലെ ദീർഘകാല ശരാശരിയേക്കാൾ 36% ഇപ്പോഴും കുറവാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മാത്രമാണു സംസ്ഥാനത്ത് കാലവർഷത്തിലാകെ സാധാരണ മഴ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവിടെയും ശരാശരിയിൽ താഴെയാണു മഴ പെയ്തത്. ഓഗസ്റ്റിലെ മഴക്കുറവിനു മാറ്റമുണ്ടായത് സെപ്റ്റംബറിലെ അധികമഴയിലാണ്.
- കാസർകോട് ജില്ലയിൽ ഇന്നലെ കൂടുതൽ മഴ പെയ്ത സ്റ്റേഷനുകൾ
- മധൂർ : 87.8 മില്ലിമീറ്റർ
- വിദ്യാനഗർ : 82.8 മില്ലിമീറ്റർ
- കുഡ്‌ലു : 72 മില്ലിമീറ്റർ
- പഴശ്ശി : 70.4 മില്ലിമീറ്റർ
- കാലവർഷത്തിൽ ലഭിച്ച മഴ (മില്ലിമീറ്ററിൽ), ശരാശരി ലഭിക്കേണ്ട മഴ, മഴക്കുറവ്
- കേരളം, 1291.1 , 2010.7, 36%
- കാസർകോട്, 2205.8, 2840.8, 22%
- കണ്ണൂർ, 2030.1, 2616.5, 22%
English Summary: Monsoon officially ends with heavy rains