ആദ്യം ഉണരുക നാടകവേദി; പിന്നെ വിവാഹവേദിയും

Mail This Article
കൊളത്തൂർ ∙ നാടകത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ആൾ ജീവിതത്തിൽ പുതിയ ചുവടുവയ്ക്കുമ്പോൾ നാടകവേദിയെ എങ്ങനെ മറക്കും. തന്റെ വിവാഹത്തലേന്ന് അതിഥികൾക്കായി വിവാഹവേദിക്കു സമീപം നാടകവേദി ഒരുക്കുകയാണ് കൊളത്തൂരിലെ നാടക കലാകാരനായ മണിപ്രസാദ്. ഇന്നു രാത്രി അഞ്ഞൂറോളം കാണികൾക്കു മുന്നിൽ ഒറ്റയാൾ നാടകം അരങ്ങേറും. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പിഎച്ച്ഡി ചെയ്യുകയാണ് മണിപ്രസാദ്. കുറ്റിക്കോൽ സൺഡേ തിയറ്ററിന്റെ പ്രധാന പ്രവർത്തകനാണ്.
15 വർഷത്തോളമായി നാടകരംഗത്തു സജീവമാണ്. നാളെയാണ് മണിപ്രസാദിന്റെയും മഞ്ചേശ്വരം സ്വദേശിനി കനകവല്ലിയുടെയും വിവാഹം. കല്യാണത്തിനു വീട്ടിൽ നാടകം അവതരിപ്പിക്കണമെന്ന ആഗ്രഹം മുൻപേ ഉണ്ടായിരുന്നെന്ന് മണിപ്രസാദ് പറഞ്ഞു. നാടകം അവതരിപ്പിക്കുമ്പോൾ നിശ്ശബ്ദമായ പരിസരം ആവശ്യമാണ്. കല്യാണവീട്ടിൽ അതൊക്കെ നടക്കുമോ എന്നായിരുന്നു പലർക്കും സംശയം. വീടിനടുത്തു തന്നെയാണ് വിവാഹവേദി. അതിനടുത്തു തന്നെ നാടക വേദിയുമൊരുക്കും.
ഏകപാത്ര നാടകം ‘ജഡായു’വാണ് അരങ്ങിലെത്തുക. ചന്ദ്രൻ കരുവാക്കോടാണ് നാടകം അവതരിപ്പിക്കുന്നത്. ഇ.വി.ഹരിദാസാണ് സംവിധായകൻ. അരീന തിയറ്റർ മാതൃകയിൽ കാണികൾക്കു മധ്യത്തിലാണ് നാടകത്തിന്റെ അവതരണം. വധു കനകവല്ലി മണിപ്രസാദിന്റെ നാടകത്തോടുള്ള ഇഷ്ടത്തിന് പൂർണ പിന്തുണ നൽകുന്നുണ്ട്. മഞ്ചേശ്വരത്തെ വീട്ടിൽ ചടങ്ങുകളുള്ളതിനാൽ നാടകം കാണാനെത്തില്ല.