സ്കൂളിനടുത്ത് സീബ്രാക്രോസിങ് ആവശ്യവുമായി കുട്ടികൾ പൊലീസിൽ

Mail This Article
എടനീർ ∙ തിരക്കേറിയ റോഡിൽ സീബ്രാ ക്രോസ് വേണമെന്ന ആവശ്യവുമായി വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിലെത്തി. എടനീർ സ്വാമിജീസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണ് വിദ്യാനഗർ പൊലീസിൽ നിവേദനവുമായി എത്തിയത്. സ്കൂൾ ബസ് സ്റ്റോപ്പിന് ഇരുവശവും വലിയ വളവുള്ളതിനാൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് കാണാനാകുന്നില്ലെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.സ്വാമിജീസ് ഹയർസെക്കൻഡറി സ്കൂളിനു പുറമേ, വിദ്യാമന്ദിർ സ്കൂൾ, ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും എടനീർ മഠത്തിലെത്തുന്നവരും ബസ് കയറുന്നതും ഇറങ്ങുന്നതും ഇവിടെയാണ്. വിദ്യാർഥികൾ ഉൾപെടെയുള്ളവവർ റോഡ് മുറിച്ച് കടക്കുന്നത് ഭീതിയോടെയാണ്. ഇതു പരിഹരിക്കുന്നതിനായി സീബ്രാ ക്രോസ് അനുവദിക്കുക, കൃത്യമായ സൈൻ ബോർഡുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയവയാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. വിദ്യാനഗർ പൊലീസുമായി സഹകരിച്ച് നടത്തിയ റോഡ് ട്രാഫിക് നിയമ സേവന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് വിദ്യാർഥികൾ ഈ ആവശ്യം ഉന്നയിച്ചത്
എസ്ഐ വിജയൻ മേലത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ഷീബ എന്നിവർ ട്രാഫിക് നിയമ ബോധവൽകരണ ക്ലാസെടുത്തു. പൊലീസിന്റെ സഹകരണത്തോടെ വിദ്യാർഥികളുടെ നേതൃത്വത്തിൽ വാഹന പരിശോധനയും നടത്തി. സിവിൽ പൊലീസ് ഓഫിസർ ഷിനോയ്, ഹോംഗാർഡ് കൃഷ്ണൻ,എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഐ.കെ.വാസുദേവൻ, ലീഡർമാരായ സി.കെ നിയ, അക്ഷത് എസ്.കരുൺ എന്നിവർ നേതൃത്വം നൽകി.