റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ വികസനം കടലാസിലൊതുങ്ങുന്നു

Mail This Article
രാജപുരം∙റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ വികസനം ശിലാഫലകത്തിൽ ഒതുങ്ങുന്നു. 2021ഫെബ്രുവരി 20ന് അന്ന് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് റാണിപുരം റിസോർട്ടിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള 99 കോടി രൂപയുടെ വികസന പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. എന്നാൽ നിർമിതി കേന്ദ്രത്തിന്റെ അനാസ്ഥയെ തുടർന്ന് കരാറിൽ നിന്നു ജില്ലാ നിർമിതി കേന്ദ്രത്തെ ഒഴിവാക്കി കെൽ കമ്പനിക്ക് കരാർ മാറ്റി നൽകി. എന്നിട്ടും പ്രവൃത്തികൾ എങ്ങുമെത്തിയില്ല. പദ്ധതിക്ക് കണ്ടെത്തിയ സ്ഥലം ഇപ്പോൾ കാട് പിടിച്ച് കിടക്കുകയാണ്. അതേ സമയം സിൽക് കമ്പനിക്ക് കരാർ നൽകിയ ഡിടിപിസി റിസോർട്ട് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരുന്നുണ്ട്. കുട്ടികളുടെ പാർക്ക്, നീന്തൽ കുളം, ആയുർവേദ സ്പാ, ആംഫി തിയറ്റർ, ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റ് തുടങ്ങിയവയുടെ പ്രവൃത്തികളാണ് കെൽ കമ്പനിക്ക് കരാർ നൽകിയിരിക്കുന്നത്. നിലവിലെ കലക്ടർ കെ.ഇമ്പശേഖർ ചാർജെടുത്ത ശേഷം റാണിപുരം സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നെങ്കിലും നിർമാണം നിലച്ച മട്ടാണ്. നിർമിതി കേന്ദ്രം നടത്തിയ മണ്ണെടുപ്പ്, കല്ല് പൊട്ടിക്കൽ എന്നിവ മാത്രമാണ് റാണിപുരത്ത് വികസനമായി കാണാനുള്ളത്.