കോവിഡ്കാലത്ത് നിർത്തിയതാണ്; കാത്തിരുന്നു മടുത്തു മന്ത്രീ..; കെഎസ്ആർടിസി ബസ് സർവീസുകൾ ഉടൻ ആരംഭിക്കുക

Mail This Article
വെള്ളരിക്കുണ്ട്∙ കോവിഡിനെ തുടർന്ന് സർവീസ് നിർത്തിയ മിക്ക കെഎസ്ആർടിസി ബസുകളും പുനരാരംഭിക്കുകയോ പുതിയ സർവീസുകൾ ആരംഭിക്കുകയോ ചെയ്യാത്തതിനാൽ മലയോര ജനത തീർത്തും ദുരിതത്തിലായി.മാലോം, വെള്ളരിക്കുണ്ട്, ഭീമനടി, കുന്നുംകൈ തുടങ്ങിയ പ്രദേശത്തുകാർ ട്രെയിൻ യാത്രയ്ക്ക് മുൻപ് ആശ്രയിച്ചിരുന്ന കൊന്നക്കാട് നിന്നും രാവിലെ 5:50 ന് പുറപ്പെട്ടിരുന്ന സർവീസ് , പയ്യന്നൂർ, പരിയാരം മെഡിക്കൽ കോളജ് ഭാഗത്തേക്ക് യാത്ര ചെയ്യുവാൻ ആശ്രയിച്ചിരുന്ന കൊന്നക്കാട് - പറശ്ശിനിക്കടവ് സർവീസ്, ഒടയംച്ചാൽ - പരപ്പ - വെള്ളരിക്കുണ്ട് - മാലോം പ്രദേശത്തെ ജനങ്ങൾ ചെറുപുഴയിലെത്താൻ ആശ്രയിച്ചിരുന്ന വൈകിട്ടുള്ള കാഞ്ഞങ്ങാട് - കൊന്നക്കാട് - ചെറുപുഴ സർവീസ്, ചെറുപുഴ നിന്നും 8:20നു മലയാര ഹൈവേ വഴി മാലോത്തേക്കുള്ള സർവീസ് എന്നിവയാണ് ഇനിയും പുനരാരംഭിക്കാത്തത്. മലയോരത്തെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിരവധി തവണ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.
∙പുതിയ സർവീസുകൾ വേണം
മലയോര ഹൈവേയിലൂടെ ഇരിട്ടി , വയനാട്, നിലമ്പൂർ, താമരശ്ശേരി പ്രദേശങ്ങളിലേക്ക് ജനോപകാരപ്രദമായ സർവീസുകൾ ആരംഭിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കൊന്നക്കാട് - മാലോം തുടങ്ങിയ മലയോര ഗ്രാമങ്ങളുമായി ഏറെ ബന്ധമുള്ള ഈ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സർവീസും നിലവിൽ ഇല്ല. നിലവിൽ മലയോരത്ത് നിന്ന് വയനാട്ടിലേക്കുള്ള സർവീസുകൾ ഭീമനടി - നർക്കിലക്കാട് വഴി നടത്തുമ്പോൾ മലയോര ഹൈവേ വഴി ഇരിട്ടി വയനാട് ഭാഗത്തേക്ക് പോകേണ്ടവർ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം ഈ ബസിൽ കയറിപ്പറ്റാൻ.
∙ബസുണ്ട്, എന്നാലും ടാക്സി
ഉച്ചയ്ക്ക് മുൻപ് മലയോര ഹൈവേവഴി ബസുകൾ വലിയ ഇടവേളയിൽ സർവീസ് നടത്തുന്നത് സാധാരണക്കാരുടെ സാമ്പത്തികഭാരം കൂട്ടുകയാണ്. രാവിലെ 9.50നും ഉച്ചയ്ക്ക് 1.20നും ഇടയിൽ ചെറുപുഴയ്ക്കും രാവിലെ 7.20നും ഉച്ചയ്ക്ക് 1.40 നും ഇടയിൽ ചെറുപുഴ നിന്നും മാലോം - കൊന്നക്കാട് പ്രദേശങ്ങളിൽ എത്താൻ നിലവിൽ ടാക്സി പിടിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ വൈകിട്ട് 6:50 ന് ശേഷം താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലും ഉൾഗ്രാമങ്ങളിലും എത്തിച്ചേരാൻ രാത്രി 8:15 വരെ നീലേശ്വരം ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കേണ്ടിവരുന്നു. നീലേശ്വരത്ത് നിന്നു ഒരു സർവീസ് വെള്ളരിക്കുണ്ട് വഴി കൊന്നക്കാടേക്ക് ആരംഭിച്ചാൽ അൽപം ആശ്വാസമാകും. പണി പൂർത്തിയായ മലയോര ഹൈവേയുടെ ഭാഗങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുക, പുനരാരംഭിക്കാത്ത ജനകീയ സർവീസുകൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നവകേരള സദസ്സിന് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് തേവർ കോവിലിൽ എന്നിവർ മുൻകയ്യെടുക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.