അങ്കണവാടി കെട്ടിടത്തിനുള്ള തടസ്സം നീങ്ങി; പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം നൽകും

Mail This Article
ചിറ്റാരിക്കാൽ ∙ അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ സ്വന്തം സ്ഥലം വായനശാലയ്ക്കു വിട്ടുനൽകി പഞ്ചായത്ത് പ്രസിഡന്റ്. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിയാണ് തന്റെ വാർഡിലെ ഗോക്കടവ് അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ ഭൂമി നൽകിയത്. ഗോക്കടവ് അങ്കണവാടി വർഷങ്ങളായി സമീപത്തെ ഉദയ വായനശാലയുടെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അങ്കണവാടിക്ക് കെട്ടിടം നിർമിക്കുന്നതിനായി ഭൂമി വാങ്ങാൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. നേരത്തേ ഉദയ വായനശാലയുടെ 2 സെന്റ് സ്ഥലം പഞ്ചായത്തിലേയ്ക്ക് ഈ ആവശ്യത്തിനായി കൈമാറിയിരുന്നു.
കെട്ടിടം നിർമിക്കാൻ ഈ സ്ഥലം തികയാതെ വന്നപ്പോൾ വായനശാല നൽകിയ 2 സെന്റ് സ്ഥലം തിരിച്ചുകൊടുക്കാനും പകരം 3 സെന്റ് സ്ഥലം അതേ പ്രദേശത്തുതന്നെ വാങ്ങി പഞ്ചായത്തിനു നൽകാനും പഞ്ചായത്ത് അധികൃതരും വായനശാല ഭാരവാഹികളും തീരുമാനിച്ചു. എന്നാൽ പഞ്ചായത്തിന്റെ ആസ്തിയിലുൾപ്പെട്ട സ്ഥലം തിരിച്ചു നൽകാൻ സർക്കാർ അനുമതി ലഭിക്കാതെ വന്നതോടെ ഗോക്കടവ് അങ്കണവാടിക്ക് പുതിയ കെട്ടിടം എന്നതു സ്വപ്നം മാത്രമായി മാറി.
ഈ സാഹചര്യത്തിലാണ് വാർഡ് അംഗംകൂടിയായ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടത്. ഇതേത്തുടർന്ന് ഉദയ വായനശാലയുടെ ഗോക്കടവിലെ 4.75 സെന്റ് സ്ഥലം പഞ്ചായത്തിനു നൽകാനും പകരം പ്രസിഡന്റ് ജോസഫ് മുത്തോലിയുടെ പേരിൽ ഗോക്കടവിലുള്ള 5.25 സെന്റ് സ്ഥലം ഉദയ വായനശാലയ്ക്കു നൽകാനും തീരുമാനിച്ചു.
നിലവിലുള്ള 2 സെന്റ് ഭൂമികൂടി ചേർത്താൽ 6.75 സെന്റ് ഭൂമിയിൽ ഇനി അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ കഴിയും. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ സഹകരണത്തോടെ ഈ വർഷംതന്നെ ഇവിടെ സ്മാർട്ട് അങ്കണവാടി കെട്ടിടം നിർമിക്കാനുള്ള ശ്രമം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി പറഞ്ഞു.