‘സഹോദരാ, അനിയാ....’ വിളിച്ച് പൊലീസ്; സുരക്ഷയ്ക്ക് രണ്ടായിരത്തിലേറെ ഉദ്യോഗസ്ഥർ

Mail This Article
കാസർകോട് ∙ ‘സഹോദരാ, അനിയാ....’ ഇങ്ങനെ ഏറെ സ്നേഹത്തോടെയും അടുപ്പത്തോടെയുമാണ് നവകേരള സദസ്സ് വേദിയിലും പന്തലിലും പൊതുജനത്തെ പൊലീസ് അഭിസംബോധന ചെയ്തത്. പരിപാടിക്കെത്തുന്നവരെ ഒരു കാരണവശാലും വെറുപ്പിക്കരുതെന്നും മര്യാദയോടെ പെരുമാറണമെന്നും പൊലീസിന് നിർദേശമുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസ് നവകേരള വേദിക്കരികിൽ എത്തുന്നതിന് ഏതാനും മിനിറ്റുകൾക്കു മുൻപു മാത്രമാണ് ഗതാഗതം തടഞ്ഞത്. ജനങ്ങളെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാത്ത പൊലീസ് ഡ്യൂട്ടി.
അതേസമയം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസിനൊപ്പമുള്ള വാഹനവ്യൂഹത്തിൽ ധാരാളം പൊലീസ് വാഹനങ്ങളുണ്ടായിരുന്നു. മന്ത്രിമാർ ചടങ്ങിനെത്തിയതു മുതൽ പോകുന്നതു വരെ കർശന സുരക്ഷയാണ് വേദിയിലും ഉണ്ടായിരുന്നത്. എഡിജിപിമാരുടെ നേതൃത്വത്തിൽ രണ്ടായിരത്തിലേറെ പൊലീസുകാരാണ് ക്രമസമാധാന ചുമതല നിർവഹിച്ചത്. കാസർകോട് ജില്ലയിൽ ഓഫിസർമാരടക്കം 1700 പൊലീസുകാരാണുള്ളത്. കാസർകോടിനു പുറമേ കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്ന് ഓഫിസർമാരടക്കം സംസ്ഥാന തല ഉദ്ഘാടനത്തിന് എത്തിയിരുന്നു.
എഡിജിപിമാരായ എം.ആർ.അജിത്ത്കുമാർ, എസ്.ശ്രീജിത്, ഐജിമാരായ നീരജ്കുമാർ ഗുപ്ത, കെ.സേതുരാമൻ, കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, വിവിധയിടങ്ങളിലെ പൊലീസ് മേധാവികളായ പി.ഹേമലത, അജിത്കുമാർ, അരവിന്ദ് സുകുമാർ, ഡോ.വൈഭവ് സക‍്സേന എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മുഖ്യമന്ത്രിയുടെയും 20 മന്ത്രിമാരുടെയും സുരക്ഷയ്ക്കായി ജില്ലയിൽ തലങ്ങും വിലങ്ങും ഓടിയത്. നവകേരള സദസ്സ് യാത്രയുടെ ചുമതല എഡിജിപി എം.ശ്രീജിത്തിനാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാർ അതിഥി മന്ദിരങ്ങളിലും നഗരത്തിലെ സ്വകാര്യ ഹോട്ടുലുകളിലുമാണ് താമസിച്ചത്. ഹോട്ടലുകളിൽ ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴികളിലും പൊലീസ് കാവൽ ഏർപ്പെടുത്തി.