നവകേരള സദസ്സ്: പ്രതീക്ഷിച്ചതിലേറെ പരാതികൾ; തരംതിരിക്കാൻ 25 ജീവനക്കാർ
Mail This Article
കാസർകോട്∙നവകേരള സദസ്സിൽ ലഭിച്ച പരാതികൾ 3 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറാൻ തീവ്ര ശ്രമവുമായി അധികൃതർ. ജില്ലയിലെ 5 മണ്ഡലങ്ങളിൽ നിന്നായി ലഭിച്ച പരാതികൾ വകുപ്പ് അടിസ്ഥാനത്തിൽ തരം തിരിക്കാൻ ആദ്യം 10 ജീവനക്കാരെയാണ് ചുമതലപ്പെടുത്തിരുന്നത്. എന്നാൽ 14,000ലേറെ പരാതികൾ വേർതിരിക്കുന്നത് ശ്രമകരമാകുമെന്നു വിലയിരുത്തി 25 ജീവനക്കാരെ ഇതിനായി നിയോഗിക്കാനാണു പുതിയ നിർദേശം. ഇന്നലെ ഇതു സംബന്ധിച്ച് അവലോകനയോഗം നടന്നു. എല്ലാ മണ്ഡലങ്ങളിൽ നിന്നു ലഭിച്ച പരാതികളും കലക്ടറേറ്റിലെത്തിച്ചിട്ടുണ്ട്. തരംതിരിച്ച പരാതികൾ സ്കാൻ ചെയ്ത് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.
നവകേരള സദസ്സിനോടുബന്ധിച്ചു വിവിധ മണ്ഡലങ്ങളിൽ സജ്ജീകരിച്ച കൗണ്ടറുകളിൽ നിന്നായി 14600 അപേക്ഷകൾ ലഭിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ 1908 പരാതികളാണ് ലഭിച്ചത്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മുൻപേ കൗണ്ടറുകൾ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പരാതികൾ നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു.
തദ്ദേശ റോഡ് വികസനം ഉൾപ്പെടെയുള്ള പൊതു പരാതികളും ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷകൾ, ഭൂമി പ്രശ്നങ്ങൾ തുടങ്ങിയവ സംബന്ധിച്ച പരാതികളും ലഭിച്ചു.കാസർകോട് മണ്ഡലത്തിൽ 3451 അപേക്ഷകൾ ലഭിച്ചു. ഉദുമ മണ്ഡലത്തിൽ നിന്ന് 3733 അപേക്ഷകൾ ലഭിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2941 പരാതികൾ ലഭിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിൽ 2567 പരാതികൾ ലഭിച്ചു. പരാതികൾ പരിശോധിച്ച് തുടർ നടപടികൾക്കായി പോർട്ടലിലൂടെ നൽകും.
ഒരാഴ്ച മുതൽ ഒന്നര മാസത്തിനകം പരാതികൾ തീർപ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീർപ്പാക്കി വിശദമായ മറുപടി നൽകി അപ്‌ലോഡ് ചെയ്യും. കൂടുതൽ നടപടികൾ ആവശ്യമുള്ള പരാതികൾ പരമാവധി 4 ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കും.സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, ആർഡിഒ അതുൽ സ്വാമിനാഥ്, ഡപ്യൂട്ടി കലക്ടർ (ആർആർ) സിറോഷ് പി.ജോൺ എന്നിവരുടെ നേതൃത്വത്തിൽ തഹസിൽദാർമാർ, മറ്റ് റവന്യു ഉദ്യോഗസ്ഥരാണ് പരാതി കൗണ്ടറുകളിൽ മേൽനോട്ടം വഹിച്ചത്.