ADVERTISEMENT

കാസർകോട്∙ അരി ഉൾപ്പെടെയുള്ള സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ജില്ലയിലെ മാവേലി സ്റ്റോറുകൾ അടച്ചിടലിന്റെ വക്കിൽ. മാസത്തിൽ ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ വിൽപന നടത്തിയിരുന്ന ജില്ലയിലെ മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് കച്ചവടം പകുതിയി‍ൽ താഴെയായി. ഇത് ദിവസ വേതനക്കാരുടെയും പാക്കിങ് തൊഴിലാളികളുടെയും ജോലിയെയും പ്രതിസന്ധിയിലാക്കി. മാവേലി സ്റ്റോർ, സപ്ലൈകോ പീപ്പിൾ ബസാർ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നായി  ആഴ്ചതോറും സാധനങ്ങൾ വാങ്ങാനായി  ആയിരക്കണക്കിനാളുകളാണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അരി അടക്കം സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ മാവേലി സ്റ്റോറിലെത്തി ഒന്നും കിട്ടാതെ തിരിച്ചു പോവുകയാണു പതിവ്.

സബ്സിഡി സാധനങ്ങൾ
പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് 13 ഇനം സാധനങ്ങൾ സബ്സിഡിയായി സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിലൂടെ വിതരണം നടത്തിയിരുന്നത്. മട്ട, ജയ, പച്ചരി, കുറുവ അരികൾ, ചെറുപയർ, വൻപയർ, കടല, ഉഴുന്ന്, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര,വെളിച്ചെണ്ണ എന്നിവയായിരുന്നു സബ്സിഡിയായി നൽകിയിരുന്നത്. വർഷങ്ങളായി വില വർധനയില്ലാത്ത സാധനങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ  ഈ സാധനങ്ങളിൽ പലതും പല ഔട്ട്‌ലെറ്റുകളിൽ നിന്നും കിട്ടാതായിട്ടു മാസങ്ങളായി. കടല, വെളിച്ചെണ്ണ, ചെറുപയർ എന്നിവ മാത്രമാണ് ജില്ലയിലെ ചില മാവേലി സ്റ്റോറുകളിലുള്ളത്. സബ്സിഡി സാധനങ്ങൾ ഒന്നുമില്ലാത്ത ഔട്ട്‌ലൈറ്റുകളും ജില്ലയിലുണ്ട്. സാധനങ്ങൾ ഇല്ലാത്തതിനാൽ ഔട്ട്‍ലൈറ്റുകളിലെത്തുന്നവരുമായി തർക്കങ്ങൾ പതിവാണെന്നും ഗോഡൗണുകളിൽ നിന്നു സാധനങ്ങൾ എത്താറില്ലെന്നും ജീവനക്കാർ പറയുന്നു.പഞ്ചസാരയും അരിയും കാണാനേയില്ലസപ്ലൈകോയുടെ ഔട്ട്‍ലെറ്റുകളിലൂടെ നൽകേണ്ട പഞ്ചസാര ജില്ലയിൽ വിതരണം നിലച്ചിട്ട് 3 മാസത്തിലേറെയായി.

ഓണക്കാലത്ത് കുറച്ച് ലോഡ് പഞ്ചസാര എത്തിയിരുന്നു അത് ആ മാസങ്ങളിൽ തന്നെ തീർന്നു. പിന്നീട് പഞ്ചസാരയുടെ ലോഡ് എത്തിയില്ല. ഓരോ മാസവും സപ്ലൈകോയുടെ ഔട്ട്‍ലൈറ്റുകളിലൂടെ 100 ലോഡ് അരി വിതരണം നടത്തിയിരുന്നു. എന്നാൽ ഈ മാസം ഒരു ലോഡ് അരി പോലും ജില്ലയിലെത്തിയില്ലെന്ന് അധികൃതർ അറിയിച്ചു. പൊതു വിപണിയെ അപേക്ഷിച്ച് വൻ വില കുറവായതിനാൽ മാവേലി സ്റ്റോറുകളിൽ നിന്നുള്ള അരി ആവശ്യക്കാർ ഏറെയായിരുന്നു. എന്നാൽ അരി ഇല്ലാത്തതിനാൽ പൊതുവിപണിയിൽ നിന്ന് വൻതുക നൽകി അരി വാങ്ങേണ്ട അവസ്ഥയിലാണു ജനങ്ങൾ.തൊഴിലാളികളുടെ അന്നം മുട്ടുമോ?പാക്കിങ്ങിനുള്ള സാധനങ്ങൾ ഇല്ലാത്തതിനാൽ മാവേലി, സൂപ്പർമാർക്കറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥയും പരിതാപകരമാണ്.  ജില്ലയിലെ മാവേലിസ്റ്റോർ, സൂപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലായി പാക്കിങ്, ദിവസവേതനക്കാർ ഉൾപ്പെടെ  മൂന്നൂറോളം തൊഴിലാളികളാണുള്ളത്. എന്നാൽ സാധനങ്ങൾ എത്താത്തതിനാ‍ൽ പാക്കിങ് ജോലിയും കുറഞ്ഞു. തുച്ഛമായ വേതനമാണെങ്കിലും 3 മാസം മുൻപ് വരെ എല്ലാം ദിവസവും ജോലിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 2 മാസത്തിലേറെയായി ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസം മാത്രമാണ് ഇപ്പോൾ ജോലിക്കു വരുന്നത്. വന്നാൽ തന്നെ യാത്രക്കൂലിക്കുള്ള വേതനം പോലും കിട്ടുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.

ഇതോടെ ഇവരുടെ  കുടുംബങ്ങൾ പ്രതിസന്ധിയിലായി.മാവേലി സ്റ്റോറുകളിൽ മാസത്തിൽ മൂന്നര ലക്ഷത്തിലേറെ രൂപയുടെ കച്ചവടം ഉണ്ടെങ്കിൽ മാത്രമാണ് മാനേജർക്കു പുറമേ 2 തൊഴിലാളികൾക്ക് വേതനം നൽകാൻ വ്യവസ്ഥയുള്ളത്. എന്നാൽ ജില്ലയിലെ മിക്ക മാവേലി സ്റ്റോറുകളിലും മാസത്തിൽ 2 ലക്ഷത്തിൽ താഴെ രൂപയുടെ കച്ചവടം മാത്രമാണു നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ ഒരാളുടെ ശമ്പളം 2 തൊഴിലാളികൾ വീതിച്ചെടുത്താണ് ജോലി ചെയ്യുന്നത്.വിറ്റുവരവിൽ വൻ ഇടിവ് ജില്ലയിൽ മാവേലി, പീപ്പിൾസ് സ്റ്റോർ, സൂപ്പർമാർക്കറ്റ്, വിപണന ബസാർ തുടങ്ങിയ 55 ഔട്ട്‍ലൈറ്റുകളാണ് സപ്ലൈകോയ്ക്ക് കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴിലുള്ളത്. ഇതിലേറെയും കാഞ്ഞങ്ങാടാണ്. ഇവിടെ 31 ഔട്ട്‍ലൈറ്റുകളുണ്ട്. കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴിൽ മുൻ മാസങ്ങളിൽ 5 മുതൽ 6 കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായിരുന്നു.   എന്നാൽ ഒക്ടോബറിൽ ഇത് മൂന്നര കോടിയോളമായി ചുരുങ്ങി.  ഈ മാസം ഇതിലും കുറയും.

കാസർകോട് ഡിപ്പോയിൽ ഓഗസ്റ്റിൽ 3.48 കോടി രൂപയുടെ കച്ചവടം ആയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഇതു  2.62 കോടി മാത്രമായി ചുരുങ്ങി. സബ്സിഡി സാധനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ എത്തുന്നത്. ഈ സാധനങ്ങൾ വാങ്ങുമ്പോഴാണ് നോ സബ്സിഡി സാധനങ്ങളും വാങ്ങിയിരുന്നത്.  കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലെ സപ്ലൈകോയുടെ സൂപ്പർമാർക്കറ്റുകളിൽ മുൻ മാസങ്ങളിൽ രാവിലെ മുതൽ രാത്രി വരെ തിരക്കായിരുന്നു. എന്നാൽ ഇപ്പോൾ തീരെയില്ലെന്ന് ജീവനക്കാർ പറയുന്നു. അരിക്കും സബ്സിഡി സാധനങ്ങൾക്കുമായിരുന്നു ആവശ്യക്കാർ ഏറെയും. ഇവ ഇല്ലെന്നു പറയുമ്പോൾ അകത്തേക്ക് കയറാതെ തിരിച്ചു പോവുകയാണ് പതിവ്.

ക്രിസ്മസിന് എത്തുമോസബ്സിഡി സാധനങ്ങൾ?
സാധനങ്ങൾ വിതരണം ചെയ്യേണ്ട സ്ഥാപനങ്ങൾക്ക് സപ്ലൈകോ വൻതുക നൽകാനുണ്ട്. അതിനാൽ മാസംതോറും ഉള്ള ടെൻ‍ഡറുകളിൽ പങ്കെടുക്കാതെ സ്ഥാപനങ്ങൾ മാറി നിൽക്കുകയാണ്. ഈ മാസം വിവിധ സാധനങ്ങൾ വിൽപന നടത്തുന്നതിനായി ക്ഷണിച്ച ടെൻഡറിൽ ആരും പങ്കെടുത്തില്ല.   അതിനാൽ റീ ടെൻഡർ വിളിച്ചില്ലെന്നും ഇതു കാരണം ഈ മാസം ഒരു സാധനം പോലും ജില്ലയിലേക്കെത്തിയില്ലെന്നും അധികൃതർ പറ‍ഞ്ഞു. മുൻ മാസങ്ങളിൽ എത്തിയതിൽ അവശേഷിക്കുന്ന സാധനങ്ങളാണ് ചുരുക്കം ഔട്ട്‍ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നത്.  ടെൻഡർ നടപടികൾ പൂർത്തിയാക്കാത്തതിനാൽ മട്ട, ജയ, ഉഴുന്ന്, പരിപ്പ്, വൻപയർ എന്നിവ ഉയർന്ന വിലയ്ക്കു വാങ്ങി സബ്സിഡിയില്ലാതെ ഔട്ട്‍ലെറ്റുകളിലൂടെ വിതരണം ചെയ്യാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നത്. ഡിസംബർ 5നുള്ളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ എത്തിയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com