ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ അകന്നു നിന്ന പഴയകാല നേതാക്കളെ തിരിച്ചു കൊണ്ടുവന്നു പദവി നൽകി ബിജെപി സംസ്ഥാന നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു സംസ്ഥാന നേതൃത്വം 2011 മുതൽ പുറത്തു നിർത്തിയ 2 മുൻ ജില്ലാ പ്രസിഡന്റുമാരായ വി.രവീന്ദ്രൻ, എം.നാരായണ ഭട്ട് എന്നിവർക്കു യഥാക്രമം സംസ്ഥാന കൗൺസിലിലും സംസ്ഥാന കമ്മിറ്റിയിലും അംഗത്വം നൽകിയത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തു സ്ഥാനാർഥിയായിരുന്ന നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വോട്ട് കുറയാൻ ഇടയാക്കിയെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണു നാരായണ ഭട്ടിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കി നടപടിയെടുത്തത്. നാരായണ ഭട്ടിന്റെ പത്നി ജയലക്ഷ്മി ഭട്ട് കാസർകോട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. നാരായണ ഭട്ടിനെതിരായ നടപടിയെ തുടർന്ന് ജയലക്ഷ്മി ഭട്ട് കാറഡുക്ക പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റ് പദവി രാജി വച്ചു പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടു നിന്നു. 

ആരോപണത്തിന്റെ സത്യം തെളിയിക്കാൻ നാരായണ ഭട്ട് കാനത്തൂർ നാൽവർ ദൈവസന്നിധിയിൽ നേർച്ച പറഞ്ഞതും വിവാദമായിരുന്നു. കഴിഞ്ഞ 2 മാസത്തിനിടെ കെ.സുരേന്ദ്രനും സംഘവും കാനത്തൂർ ക്ഷേത്രദർശനം നടത്തുകയും നാരായണ ഭട്ടിന്റെയും വി.രവീന്ദ്രന്റെയും വീട്ടിലെത്തി സഹകരണം ആവശ്യപ്പെടുകയും പദവി ഏറ്റെടുക്കാൻ അഭ്യർഥിക്കുകയുമായിരുന്നു. 

2009ൽ 4 ജില്ലകളുടെ അധികാരപരിധിയുള്ള വടക്കൻ മേഖലാ പ്രസിഡന്റായിരുന്നു വി.രവീന്ദ്രൻ. 2010ലെ സംഘടനാ തിരഞ്ഞെടുപ്പിൽ രവീന്ദ്രൻ ഉൾപ്പെടെയുള്ള പഴയ നേതാക്കളെ സ്ഥാനമൊന്നും നൽകാതെ പുറത്തു നിർത്തി. ഇതോടെയാണു കെ.സുരേന്ദ്രനും അന്നത്തെ ജില്ലാ നേതൃത്വത്തിനുമെതിരെ ഒരു വിഭാഗം ചേരി തിരിഞ്ഞു പാർട്ടി പ്രവർത്തനത്തിൽ നിന്നു വിട്ടു നിൽക്കാൻ തുടങ്ങിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 5828 വോട്ടിനാണു സുരേന്ദ്രൻ പരാജയപ്പെട്ടത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സുരേന്ദ്രനെതിരെ 89 വോട്ട് ഭൂരിപക്ഷം നേടിയാണു പി.ബി.അബ്ദുൽ റസാഖ് വിജയിച്ചത്.

പാർട്ടിയിൽ വിഭാഗീയത ഒഴിവാക്കി എല്ലാവരെയും ചേർത്തു നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പുതിയ നീക്കം ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പിൽ  ബിജെപിക്കു ശക്തി പകരുമെന്ന വിശ്വാസത്തിലാണു നേതൃത്വം. കാസർകോട്ടെ പ്രമുഖ അഭിഭാഷകനായ നാരായണ ഭട്ട് ബിജെപി ദേശീയസമിതി അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജില്ലയിൽ നിന്ന് സതീശ് ചന്ദ്ര ഭണ്ഡാരി, വി.ബാലകൃഷ്ണ ഷെട്ടി, പി.മനോജ്കുമാർ എന്നിവരാണു നിലവിലുള്ള ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com