സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ കാസർകോടൻ കുതിപ്പ്
Mail This Article
നീലേശ്വരം∙ പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ തുടങ്ങിയ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ആദ്യ ദിനം 210 പോയിന്റ് നേടി ആതിഥേയരായ കാസർകോട് ജില്ല മുന്നിൽ. 99 പോയിന്റുകൾ വീതം നേടി കണ്ണൂർ, തൃശൂർ ജില്ലകളാണ് രണ്ടാംസ്ഥാനത്ത്. 85 പോയിന്റുമായി കോഴിക്കോട് ജില്ല മൂന്നാംസ്ഥാനത്തുണ്ട്. എം.രാജഗോപാലൻ എംഎൽഎ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി.ബാലകൃഷ്ണൻ നായർ ബ്രോഷർ പ്രകാശനം ചെയ്തു. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്ഥിരസമിതി അധ്യക്ഷരായ ടി.പി.ലത, പി.ഭാർഗവി, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, സംഘാടക സമിതി വർക്കിങ് ചെയർമാൻ ടി.വി.ബാലൻ, ജനറൽ കൺവീനറും അസോസിയേഷൻ ജില്ലാ പ്രസിഡന്റും ആയ ടി.വി.ഗോപാലൻ, സെക്രട്ടറി ടി.കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മത്സരങ്ങൾ ഇന്നും തുടരും. സമാപന സമ്മേളനം വൈകിട്ടു 4 നു നഗരസഭ ചെയർപഴ്സൻ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഡോ.വി.സുരേശൻ സമ്മാനദാനം നിർവഹിക്കും.