ADVERTISEMENT

മഞ്ചേശ്വരം ∙ കേരള– കർണാടക അതിർത്തി പ്രദേശത്തു നിന്നു ഖനനം നടത്തിക്കൊണ്ടു പോകുകയായിരുന്ന 2 ലോഡ് ധാതു മണൽ(ബോക്സൈറ്റ്) പൊലീസ് പിടിച്ചെടുത്തു. ആന്ധ്ര റജിസ്ട്രേഷനുള്ള 2 ടോറസ് വാഹനവും ഇതിലുണ്ടായിരുന്ന 23 ടൺ മണ്ണും മഞ്ചേശ്വരം പൊലീസ് ജിയോളജി വിഭാഗത്തിനു കൈമാറി. തുടർന്നു പൈവളിഗെയിലെ സംഘം മണ്ണിന്റെ റോയൽറ്റി, പിഴ തുക അടക്കം 1.86 ലക്ഷം അടച്ചതോടെ വാഹനവും മണ്ണും വിട്ടു കൊടുത്തു.

ധാതു മണൽ കടത്ത് വ്യാപകം
കേരളത്തിലെ ബായാർ വില്ലേജും കർണാടകയിലെ കറുവോപാടി വില്ലേജും അതിർത്തിയായ പാതക്കല്ല് പ്രദേശത്തു നിന്നു വൻതോതിൽ ധാതു മണൽ ഖനനം ചെയ്തു രാപകൽ വ്യത്യാസമില്ലാതെ കടത്തിക്കൊണ്ടു പോകുന്നുണ്ട്. കർണാടകയിൽ ഖനനത്തിന് അനുവദിച്ച പെർമിറ്റിന്റെ മറവിൽ കേരളത്തിന്റെ ബോക്സൈറ്റ് നിക്ഷേപം അനധികൃതമായി ഖനനം ചെയ്തു കഴിഞ്ഞ 3 വർഷമായി കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇരുമ്പ്, സിമന്റ് ഫാക്ടറികളിലേക്കാണു കടത്തുന്നതെന്നു പരാതിയുണ്ട്. റവന്യു, ജിയോളജി വകുപ്പ് മേധാവികൾക്ക് ഉൾപ്പെടെ 3 മാസം മുൻപു പരാതി നൽകിയിട്ടും ഇതു തടയാൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ. ഒരു ടണ്ണിന് 280 രൂപയാണു കർണാടക ബില്ലിൽ കാണുന്നത്. കേരളത്തിൽ ഒരു ടണ്ണിന് 177 രൂപ റോയൽറ്റി അടയ്ക്കണം. 

സ്ഥലമുടമയെ കണ്ടെത്തിയില്ലെന്ന് അധികൃതർ
ഖനനം നടക്കുന്ന സ്ഥലത്തിന്റെ ഉടമയെക്കുറിച്ചു വ്യക്തമായ വിവരം കിട്ടിയില്ലെന്നാണു ജിയോളജി വകുപ്പ് അധികൃതർ പറയുന്നത്. അതു കിട്ടിയാൽ ഉടമയ്ക്കെതിരെ നടപടിയെടുക്കാം. അതിനു ബായാർ വില്ലേജ് ഓഫിസറുടെ സഹായം തേടിയെങ്കിലും ഉടമ ആരെന്നതു സംബന്ധിച്ചു വ്യക്തതയില്ല. ഖനനമില്ലാത്ത സ്ഥലം ഉൾപ്പെടെയുള്ള സ്കെച്ചാണു കിട്ടിയത്. ഖനനം നടക്കുന്ന സ്ഥലത്തിന്റെ  വിവരവും ഉടമസ്ഥ അവകാശവും സംബന്ധിച്ചു വ്യക്തത കിട്ടണമെങ്കിൽ താലൂക്ക് സർവേയർ വന്ന് അളവെടുത്തു തിട്ടപ്പെടുത്തണമെന്നാണു വില്ലേജ് അധികൃതരുടെ നിലപാട്. ഇതിനുവേണ്ടി എഴുതിയിട്ടുണ്ടെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു. 

സ്ഥലം കേരളത്തിൽ തന്നെയോ എന്ന്  രേഖകൾ പരിശോധിക്കണം
സ്ഥലം കേരള– കർണാടക അതിർത്തിയിൽ ആയതിനാൽ കേരളത്തിലോ കർണാടകയിലോ എന്ന സംശയവുമുണ്ട്. ഇവിടെ വിമുക്ത ഭടന്മാർക്കും പട്ടികജാതി–വർഗ വിഭാഗത്തിനും പതിച്ചു കൊടുത്ത സർക്കാ‍ർ സ്ഥലം ഉൾപ്പെടെയുണ്ട്. പട്ടികജാതി വിഭാഗത്തിലെ ഒരു കുടുംബത്തിനു പതിച്ചു കൊടുത്ത 4 ഏക്കർ സ്ഥലവും ഖനന പ്രദേശത്തുണ്ട്. ഈ കുടുംബത്തിന്റെ സ്ഥലം 3 വർഷം മുൻപ് അന്നത്തെ കലക്ടർ ഇടപെട്ട് 10 സെന്റ് താമസസ്ഥലം ഒഴിവാക്കി ബാക്കി സഥലം സർക്കാരിലേക്കു തിരികെയെടുക്കാൻ നടപടി എടുത്തിരുന്നതായി പറയുന്നു.

പിന്നീട് തുടർ നടപടികളുണ്ടായില്ല. കേരളം– കർണാടക അതിർത്തി പ്രദേശമായ പാതക്കല്ലിൽ നേരത്തെ കല്ല് ഖനനമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ കല്ല് ഉൾപ്പെടെ യന്ത്രസഹായത്തോടെ പൊടിച്ചാണു കടത്തുന്നത്. രാത്രിയും പകലും ടോറസ് വാഹനത്തിൽ കടത്തുന്നു. ആന്ധ്രയിൽ നിന്നുള്ള വാഹനങ്ങളാണേറെയും. കന്യാല, പൊന്നങ്കള, ബേരിപ്പദവ്, മുളിഗദ്ദെ തുടങ്ങിയ സ്ഥലങ്ങളിലായി 500 ലേറെ ഹെക്ടർ സ്ഥലത്തു നിന്ന് ബോക്സൈറ്റ് അടങ്ങിയ മണ്ണും മണലും കടത്തുന്നതായും പരാതിയുണ്ട്. വൻ ലോബിയാണ് ഇതിനു പിന്നിലുള്ളതെന്നാണ് ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com