പട്ടികജാതി വികസന വകുപ്പിന്റെ വിദേശ തൊഴിൽ പദ്ധതി: പറന്നത് 129 പേർ
Mail This Article
കാസർകോട് ∙ പട്ടികജാതി വികസന വകുപ്പിന്റെ വിദേശ തൊഴിൽ പദ്ധതിയിലൂടെ 2016 മുതൽ ഇതുവരെ ജില്ലയിൽനിന്നു വിദേശത്ത് ജോലി സ്വന്തമാക്കിയത് 129 പേർ. ഇതിൽ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. വലിയ സാമ്പത്തികം ആവശ്യമായതിനാൽ വിദ്യാസമ്പന്നരായിട്ടും പലർക്കും വിദേശ തൊഴിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത സ്ഥിതിയിലാണു വിദേശ തൊഴിൽ സാമ്പത്തിക സഹായ പദ്ധതി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിയത്. അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ പട്ടികജാതി യുവതീ യുവാക്കൾക്കാണു വിദേശത്തു തൊഴിൽ നേടുന്നതിനു സാമ്പത്തിക സഹായം നൽകുന്നത്.
എന്താണ് പദ്ധതി ?
ഏതെങ്കിലും തൊഴിൽ മേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ചവർക്കു വിദേശ തൊഴിൽ നേടുന്നതിനായി യാത്രയ്ക്കും വീസ സംബന്ധമായ ചെലവുകൾക്കുമായി പദ്ധതിയിലൂടെ ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കുന്നു. രണ്ടു ഗഡുക്കളായാണു തുക നൽകുന്നത്. ആദ്യഘട്ടത്തിൽ 60000 രൂപയും രണ്ടാം ഘട്ടത്തിൽ 40000 രൂപയും നൽകുന്നു. 20 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവരും വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം അപേക്ഷകർ.
ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വഴി തുക നൽകും. നിയാമാനുസൃതമായ പാസ്പോർട്ടിന്റെയും വീസയുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിച്ചാൽ ടിക്കറ്റ് ചാർജ് ഉൾപ്പെടെ 60 ശതമാനം മുൻകൂറായി നൽകും. കൂടാതെ തൊഴിൽ കരാർ പ്രകാരം ജോലിയിൽ പ്രവേശിച്ചു എന്നതു സംബന്ധിച്ച രേഖ ഹാജരാക്കിയാൽ ബാക്കി 40 ശതമാനവും നൽകും. വിദേശത്തു തൊഴിൽ അന്വേഷിച്ചു പോകുന്ന ഒരു യാത്രയ്ക്കു മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളൂ.
അപേക്ഷകൾ കൂടി
കോവിഡ് കാലഘട്ടത്തിൽ വിദേശത്തേക്കു ജോലിക്കായി പോകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതിനാൽ സഹായത്തിനുള്ള അപേക്ഷകളും താരതമ്യേന കുറവായിരുന്നു. എന്നാൽ ഇപ്പോൾ അപേക്ഷകൾ കൂടി വരുന്നു. ജില്ലയിൽ വിവിധ കോഴ്സുകൾ പഠിച്ചിറങ്ങിയ ഒട്ടേറെപ്പേരുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം പുറത്തു പോകാൻ സാധിക്കുന്നില്ല. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പലരും പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട്. പുരുഷൻമാരെ പോലെ തന്നെ സ്ത്രീകളും വിദേശ തൊഴിൽ ചെയ്യാൻ മുന്നോട്ടു വരുന്നത് അഭിമാനമാണ് ജില്ലാ പട്ടികജാതി വികസന ഓഫിസർ എസ്.മീനാറാണി പറഞ്ഞു.