മുന്നാട്ട് ഉത്സവനാളുകൾ; സർവകലാശാലാ കലോത്സവത്തിന് ഇന്നു തിരിതെളിയും
Mail This Article
മുന്നാട് ∙ മലയോരഗ്രാമമായ ബേഡഡുക്ക മുന്നാട് കണ്ണൂർ സർവകലാശാലാ കലോത്സവത്തിന് ഇന്നു തിരി തെളിയും. മുന്നാട് പീപ്പിൾസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന കലോത്സവത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെയും വയനാട് ജില്ലയിലെ പകുതി ഭാഗത്തേയും 105 കോളജുകളിൽനിന്നും കലാപ്രതിഭകൾ മാറ്റുരക്കും. മലയോരത്ത് ആദ്യമായാണു സർവകലാശാലാ യൂണിയൻ കലോത്സവം നടക്കുന്നത്. 141 ഇനങ്ങളിലാണു മത്സരം. 6646 പ്രതിഭകൾ മത്സരിക്കാനെത്തും. പയ്യന്നൂർ കോളജായിരുന്നു കഴിഞ്ഞ വർഷത്തെ ചാംപ്യൻമാർ. തലശ്ശേരി ബ്രണ്ണൻ കോളജ് റണ്ണറപ്പുമായി.
ഇന്ത്യൻ ഭരണഘടനയുടെ സത്ത ഉൾക്കൊള്ളുന്ന വാക്കുകളുടെ പേരിലാണു സ്‌റ്റേജുകൾ പ്രവർത്തിക്കുന്നത്. ബഹുസ്വരം, മാനവീയം, മൈത്രി, സമഭാവം, അനുകമ്പ, അൻപ്, സാഹോദര്യം, പൊരുൾ എന്നിങ്ങനെ എട്ടു വേദികളിലാണ് മത്സരം. മുന്നാട് പീപ്പിൾസ് കോളജും പരിസരവും, തൊട്ടടുത്ത മുന്നാട് ഗവ.ഹൈസ്‌കൂൾ, മുന്നാട് ടൗൺ എന്നിവിടങ്ങളിലാണു വേദികൾ. ഇന്നു സ്‌റ്റേജിതര മത്സരങ്ങളാണ്.
നിരൂപകൻ ഇ.പി.രാജഗോപാലൻ ഉദ്‌ഘാടനം ചെയ്യും. കഥാകൃത്ത് പി.വി.ഷാജികുമാർ മുഖ്യാതിഥിയാകും. 9ന് സ്‌റ്റേജിന മത്സരങ്ങൾ സ്‌പീക്കർ എ.എൻ.ഷംസീർ ഉദ്‌ഘാടനം ചെയ്യും. നടൻ ഉണ്ണിരാജ് ചെറുവത്തൂർ, നടി ചിത്രാ നായർ എന്നിവർ മുഖ്യാതിഥികളാകും. 11നു സമാപന സമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്യും. നടി ഗായത്രി വർഷ, സംവിധായകൻ ആമിർ പള്ളിക്കൽ എന്നിവർ മുഖ്യാതിഥികളാകും.
മുഴുവൻ മത്സരാർഥികൾക്കും സംഘാടക സമിതി സൗജന്യമായി ഉച്ചഭക്ഷണം നൽകും. കലവറയിലേക്ക് ആവശ്യമായ വിഭവങ്ങൾ ജനകീയമായി ശേഖരിച്ചു. ഭക്ഷണം നൽകാൻ ആവശ്യമായ അരിയും വിഭവങ്ങളും കുടുംബശ്രീ ബേഡകം, കുറ്റിക്കോൽ സിഡിഎസുകളാണു സമാഹരിച്ചത്. കാണികൾക്കു ഭക്ഷണം ലഭ്യമാക്കാൻ നഗരിയിൽ തന്നെ വില കൊടുത്തു വാങ്ങി കഴിക്കാവുന്ന തരത്തിൽ ഫുഡ് പാർക്ക് ഒരുക്കിയിട്ടുണ്ട്. പൂർണമായി ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് കലോത്സവം നടത്തുന്നത്.
ഉൾനാടായതിനാൽ താമസത്തിലും യാത്രയിലുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തി. കാസർകോട്ടു നിന്നും കാഞ്ഞങ്ങാട്ടു നിന്നും പ്രത്യേക കെഎസ്‌ആർടിസി ബസുകൾ രാത്രിയിൽ മുന്നാട്ടേക്കും തിരിച്ചും സർവീസ് നടത്തും. ആവശ്യമെങ്കിൽ പീപ്പിൾസ് കോളജിന്റെ ബസും സർവീസ് നടത്തും. താമസത്തിന് കോളജിലെ മുറികളും മുന്നാട്ടെ ഒട്ടേറെ വീടുകളും ഏർപ്പാടാക്കിയിട്ടുണ്ടെന്നു സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, സിൻഡിക്കറ്റ് അംഗം ഡോ.എ.അശോകൻ, ജനറൽ കൺവീനർ ബിവിൻ രാജ് പായം, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർപഴ്‌സൻ ടി.പി അഖില, മുന്നാട് പീപ്പിൾസ് കോളജ് പ്രിൻസിപ്പൽ ഡോ.സി.കെ.ലൂക്കോസ് എന്നിവർ അറിയിച്ചു.
ഇന്നത്തെ മത്സരങ്ങൾ
സ്റ്റേജ് 1 – ബഹുസ്വരം (ഓഡിറ്റോറിയം)
കവിതാലാപനം (മലയാളം) ഉദ്ഘാടനം: 4.00.
സ്റ്റേജ് 2 – മാനവീയം (ഗ്രൗണ്ട്)
പ്രസംഗം (ഇംഗ്ലിഷ്)
പ്രസംഗം (മലയാളം)
സ്റ്റേജ് 3 – മൈത്രി - (ബികോം സിഎ ഹാൾ)
കവിതാലാപനം (കന്നട)
പ്രസംഗം (കന്നട)
കവിതാലാപനം (അറബിക്)
പ്രസംഗം (അറബിക്)
സ്റ്റേജ് 4 – സമഭാവം (ബികോം ഫിനാൻസ്)
കവിതാലാപനം (ഹിന്ദി)
പ്രസംഗം (ഹിന്ദി)
കവിതലാപനം (ഇംഗ്ലിഷ്)
സ്റ്റേജ് 5 – അനുകമ്പ (ഗ്രൗണ്ട് ഫ്ലോർ ബികോം ഡിപാർട്മെന്റ്)
കവിതാരചന (7 ഭാഷകൾ)
ചെറുകഥാ രചന (7 ഭാഷകൾ)
പ്രബന്ധരചന (7 ഭാഷകൾ)
സ്റ്റേജ് 6 – അൻപ്
(സെക്കൻഡ് ഫ്ലോർ) പൂക്കളം
സ്റ്റേജ് 7 – സാഹോദര്യം (തേർഡ് ഫ്ലോർ)
കാർട്ടൂൺ
കാരിക്കേച്ചർ
ഓയിൽ പെയിന്റിങ്
സ്റ്റേജ് 8 – പൊരുൾ
(പീപ്പിൾസ് ലൈബ്രറി ഹാൾ)
തിരക്കഥാരചന –ഡോക്യുമെന്ററി (3 ഭാഷകൾ)
തിരക്കഥാരചന –ഫീച്ചർ ഫിലിം (3 ഭാഷകൾ)
കുറുങ്കഥ (7 ഭാഷകൾ)
വിക്കി ആർട്ടിക്കിൾ (3 ഭാഷകൾ)
സ്റ്റേജ് 9 – എംബിഎ ഹാൾ
മെഹന്തി ഡിസൈൻ
ക്വിസ്
സ്റ്റേജ് 10
ക്ലേ മോഡലിങ്
സ്റ്റേജ് 11 – കംപ്യൂട്ടർ ലാബ്ഷോർട് ഫിലിം