ദാരിദ്ര്യ ലഘൂകരണത്തിന് മുൻതൂക്കം നൽകി വലിയപറമ്പ് പഞ്ചായത്ത് ബജറ്റ്
Mail This Article
തൃക്കരിപ്പൂർ∙ദാരിദ്ര്യ ലഘൂകരണത്തിന് മുൻതൂക്കം നൽകി വലിയപറമ്പ് പഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക ബജറ്റ്. പാർപ്പിടത്തിനും ശുചിത്വ മാലിന്യ സംസ്കരണത്തിനും മികച്ച പരിഗണനയും ബജറ്റിൽ നൽകിയിട്ടുണ്ട്. പ്രതീക്ഷിത നീക്കി ബാക്കി 28,13,135 രൂപ അടക്കം ആകെ 21,59,23,350 രൂപ പ്രതീക്ഷിത വരവും 21,62,35,850 രൂപ പ്രതീക്ഷിത ചെലവും ഉൾപ്പെടെ 25,00,635 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നുണ്ട്. ആറര കോടി രൂപയാണ് ദാരിദ്ര നിർമാർജനത്തിനായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 26,31,88,47 രൂപയാണ് പാർപ്പിടത്തിനായി നീക്കിവച്ചത്. ശുചിത്വ മാലിന്യ സംസ്കരണത്തിന് 72 ലക്ഷം രൂപയും വകയിരുത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള അവതരിപ്പിച്ച ബജറ്റിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആശ്വാസമായി സ്കോളർഷിപ് നൽകുന്നതിന് 12 ലക്ഷം രൂപയും സ്വന്തമായി ഭൂമി ഉള്ളവരും ഇല്ലാത്തവരുമായ എല്ലാ ഭവനരഹിതർക്കും വീട് സ്വന്തമായി നൽകുന്നതിനുള്ള ലൈഫ് ഭവന നിർമാണ പദ്ധതിക്കായി 26,318,847 രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ ഉയർത്തിക്കൊണ്ടുവരാൻ എഫ്എച്ച്സിയിൽ ഫിസിയോ തെറപ്പിക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഫണ്ട് നീക്കിവച്ചിട്ടുണ്ട്.
ഖര-ദ്രവ മാലിന്യ നിർമാർജനത്തിന് എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റിക് ടാങ്ക് നിർമാണത്തിന് ധനസഹായം നൽകുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി.വിനോദ് കുമാർ പ്രസംഗിച്ചു.